ദിവസങ്ങള്‍ക്കു മുമ്പാണ് നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായത്. നവംബര്‍ 28 ന് ചെന്നൈയില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.വിവാഹ ചിത്രങ്ങള്‍ ഇരു താരങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കേരള മോഡലില്‍ സാരിയണിഞ്ഞ് അതിസുന്ദരിയായിരുന്നു വിവാഹ വേഷത്തില്‍ മഞ്ജിമ.
എന്നാല്‍, സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച മഞ്ജിമയുടെ വിവാഹചിത്രങ്ങള്‍ക്ക് താഴെ ചിലര്‍ ബോഡി ഷെയിമിങ് കമന്റുകളുമായി എത്തി. ഇതിന് നടി തന്നെ ഇപ്പോള്‍ മറുപടി നല്കുകയാണ്. മറ്റുള്ളവര്‍ തന്റെ ശരീരത്തെപ്പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് മനസിലാവില്ല. എന്റെ ശരീരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ എനിക്ക് അത് സാധിക്കും. എന്റെ ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് ശരീരഭാരം കുറയ്‌ക്കേണ്ടിവന്നാല്‍ ഞാന്‍ അത് ചെയ്യുക തന്നെ ചെയ്യും. ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് മഞ്ജിമ പറഞ്ഞു.
ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിരന്തരം നേരിടുന്ന ട്രോളിങ്ങിനെ കുറിച്ച് മഞ്ജിമ മനസ്സു തുറന്നത്. ആര് എന്ത് പറയുന്നു എന്നത് തന്റെ വിഷയമല്ലെന്നും നടി വ്യക്തമാക്കി.മൂന്ന് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് മഞ്ജിമയും ഗൗതം കാര്‍ത്തിക്കും വിവാഹിതരായത്. തമിഴ് നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം.
കളിയൂഞ്ഞാല്‍ എന്ന സൂപ്പര്‍ ഹിറ്റ് മലയാള ചിത്രത്തിലൂടെ ബാലതാരമായി എത്തിയതാണ് മഞ്ജിമ മോഹന്‍. പിന്നീട് ഒട്ടേറെ സിനിമകളില്‍ അവര്‍ തിളങ്ങി. വടക്കന്‍ സെല്‍ഫിയില്‍ നായികയായും വേഷമിട്ടു. ഗൗതം സാവുദേവ് മേനോന്റെ അച്ചം യെമ്പത് മദമയ്യഡ എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. ദേവരട്ടം എന്ന ചിത്രത്തിന് ശേഷമാണ് മഞ്ജിമയും ഗൗതം കാര്‍ത്തികും അടുത്തത്. ഇത് പിന്നീട് വിവാഹത്തിലേക്ക് കടന്നു.