ശരീരഭാരമാണ് ഏറ്റവും വലിയ പ്രശ്നമെന്ന മട്ടിലാണ് എല്ലാവരും സംസാരിക്കുന്നതെന്നും താന്‍ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്നും തുറന്നുപറഞ്ഞ് നടി മഞ്ജിമ മോഹന്‍. ആദ്യകാലങ്ങളില്‍ ഇത്തരം അധിക്ഷേപങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതിനെയെല്ലാം മറികടന്നുവെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി.
തനിക്ക് പിസിഒഡി (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം) ഉണ്ടായിരുന്നെന്നും ശരീരഭാരം കുറയ്ക്കാന്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നെന്നും മഞ്ജിമ തുറന്നുപറഞ്ഞു. 'എങ്ങനെയെങ്കിലും വണ്ണം കുറയ്ക്കണമെന്നായിരുന്നു എല്ലാവരുടെയും ആവശ്യം. ഇതിനായി ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കുകയും ഡോക്ടര്‍മാരെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ചില സ്‌റ്റൈലിസ്റ്റുകളുടെ വാക്കുകളാണ് എന്നില്‍ അരക്ഷിതാവസ്ഥയുണ്ടാക്കിയത്' മഞ്ജിമ പറഞ്ഞു. അതേസമയം, ആരോഗ്യത്തിന് പ്രാധാന്യം നല്‍കാത്ത 'ടോക്‌സിക് ബോഡി പോസിറ്റിവിറ്റി' ശരിയല്ലെന്നും നടി അഭിപ്രായപ്പെട്ടു. 'നമ്മള്‍ ആരോഗ്യവതിയായിരിക്കണം.
സിനിമ എന്റെ ജോലി മാത്രമാണ്. തടി കുറച്ചാല്‍ കൂടുതല്‍ സിനിമകള്‍ ലഭിച്ചേക്കാം, എന്നാല്‍ അതിനുശേഷം ആരും നമ്മുടെ കാര്യങ്ങള്‍ അന്വേഷിച്ചെന്ന് വരില്ല. ജോലിക്ക് പുറത്തും എനിക്ക് ജീവിതത്തില്‍ മറ്റ് ലക്ഷ്യങ്ങളുണ്ട്,' മഞ്ജിമ വ്യക്തമാക്കി. 'കളിയൂഞ്ഞാല്‍', 'തെങ്കാശിപ്പട്ടണം' തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി ശ്രദ്ധേയയായ മഞ്ജിമ, 2015-ല്‍ 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തമിഴിലും തെലുങ്കിലും സജീവമായ മഞ്ജിമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം എ.എല്‍ വിജയ് സംവിധാനം ചെയ്ത 'ബൂ' ആണ്.