തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ പ്രതീക്ഷകളുമായി ചുവടുവെച്ച നടന്‍ വിജയ് ഇപ്പോള്‍ അത്യന്തം സങ്കീര്‍ണ്ണമായ വ്യക്തിജീവിത-പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ 'തമിഴക വെട്രി കഴക'ത്തിലൂടെ കന്നിയങ്കത്തിനൊരുങ്ങുന്ന താരത്തിന് ചുറ്റും വിവാദങ്ങളുടെയും തിരിച്ചടികളുടെയും ഒരു വലിയ നിര തന്നെയുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭാര്യ സംഗീതയുമായുള്ള വിവാഹമോചന വാര്‍ത്തകളാണ്.
സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജി വിജയ്‌യുടെ രാഷ്ട്രീയ പ്രതിച്ഛായയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കാരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് കുടുംബപ്രശ്‌നങ്ങളും ചര്‍ച്ചയായത് എന്നത് താരത്തിന് ഇരട്ടി പ്രഹരമായി. ഇതിനിടയില്‍, വിജയ്‌യുടെ അവസാന സിനിമയായി കരുതപ്പെടുന്ന 'ജനനായകന്റെ' റിലീസും അനിശ്ചിതത്വത്തിലായതോടെ സിനിമാ-രാഷ്ട്രീയ ഭാവിയെക്കുറിച്ച് പലവിധ പ്രവചനങ്ങള്‍ ഉയരുന്നുണ്ട്.
ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് തന്റെ ചെന്നൈയിലുള്ള പ്രധാന സ്വത്തുക്കളില്‍ പലതും വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്. അണ്ണാനഗറിലെ ഒരു പ്രോപ്പര്‍ട്ടി ഏകദേശം 35 കോടി രൂപയ്ക്കാണ് താരം വിറ്റതെന്നാണ് വിവരം. ഏകദേശം ഒരു വര്‍ഷമായി ഈ വില്‍പനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും, ഇപ്പോള്‍ പെട്ടെന്ന് കരാര്‍ ഉറപ്പിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറി. സമാനമായ രീതിയില്‍ മറ്റ് രണ്ട് വസ്തുവകകള്‍ കൂടി വില്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഈ പണം പാര്‍ട്ടി ഫണ്ടിന് വേണ്ടിയല്ല എന്നാണ് സൂചനകള്‍.
ഇതിന് പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് പറയപ്പെടുന്നത്. ഒന്ന്, സംഗീതയുമായുള്ള വിവാഹമോചനത്തെത്തുടര്‍ന്ന് നല്‍കേണ്ടി വരുന്ന ഭീമമായ ജീവനാംശം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നീക്കമാണിത്. 27 വര്‍ഷത്തെ ദാമ്പത്യം, മക്കളുടെ വിദ്യാഭ്യാസം, ഭാവി എന്നിവ പരിഗണിക്കുമ്പോള്‍ വലിയൊരു തുക വിജയ് നല്‍കേണ്ടി വരും. സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിക്കാന്‍ സംഗീതയ്ക്ക് സാധിക്കുമെന്നതിനാല്‍, അത് ഒഴിവാക്കാന്‍ മുന്‍കൂട്ടി സ്വത്തുക്കള്‍ പണമാക്കി മാറ്റുകയാണെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.
മറ്റൊരു പ്രധാന കാരണം രാഷ്ട്രീയമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ സത്യവാങ്മൂലത്തിലൂടെ വെളിപ്പെടുത്തേണ്ടതുണ്ട്. സത്യവാങ്മൂലത്തില്‍ കാണിക്കുന്ന സമ്പത്ത് കുറയ്ക്കാനായിരിക്കാം ഇത്തരത്തില്‍ ബിനാമി പേരുകളിലേക്കോ പണമായോ സ്വത്തുക്കള്‍ മാറ്റുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഇതിനിടെ, വിജയ്‌യുടെ കുടുംബജീവിതത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും പുറത്തുവരുന്നുണ്ട്. തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ബാലാജി പ്രഭു പറയുന്നത് പ്രകാരം, വിജയ്‌യും സംഗീതയും ഏറെക്കാലമായി ഒരേ വീട്ടില്‍ അകല്‍ച്ചയിലാണ് കഴിയുന്നത്.
2021 മുതല്‍ വിജയ് വീടിന്റെ താഴത്തെ നിലയിലും സംഗീത മുകളിലത്തെ നിലയിലുമാണ് താമസിക്കുന്നത്. ഇവര്‍ തമ്മില്‍ നേരിട്ട് സംസാരിക്കാറില്ലെന്നും, ഒരു സ്ത്രീ എന്ന നിലയില്‍ സംഗീത നേരിടുന്നത് വലിയ അനീതിയാണെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ ഒരുങ്ങുന്ന വിജയ്ക്ക് ഈ കുടുംബകലഹങ്ങള്‍ വരുംദിവസങ്ങളില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്.