തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ തീരുമാനങ്ങളുമായി മുന്നേറുന്ന സി. ജോസഫ് വിജയ്യെ പ്രശംസിച്ചുകൊണ്ട് സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍. സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ പരിധിയിലുള്ള 717 മദ്യവില്‍പന ശാലകള്‍ അടച്ചുപൂട്ടാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവിനെ തമിഴ് സിനിമാ ലോകത്തെ പ്രമുഖരായ കമല്‍ ഹാസനും വിശാലും സ്വാഗതം ചെയ്തു. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് വിജയ് ഈ നിര്‍ണ്ണായക ഉത്തരവില്‍ ഒപ്പുവെച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ലഹരി മാഫിയക്കെതിരെയും മദ്യത്തിന്റെ അമിത ഉപയോഗത്തിനെതിരെയും വിജയ് നല്‍കിയ വാഗ്ദാനത്തിന്റെ ആദ്യപടിയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
വിജയ്യുടെ തീരുമാനത്തെ പ്രശംസിച്ച നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍, മദ്യവില്‍പന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാകരുതെന്ന് ഓര്‍മ്മിപ്പിച്ചു. 'ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സമീപത്തെ മദ്യശാലകള്‍ പൂട്ടണമെന്നത് തമിഴ് കുടുംബങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. മുഖ്യമന്ത്രി വിജയ്യുടെ ഈ നടപടി സ്വാഗതാര്‍ഹമാണ്. മദ്യത്തിന്റെ ഒഴുക്ക് തടയുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. 717 കടകള്‍ അടച്ചത് ഒരു തുടക്കം മാത്രമാകണം, കൂടുതല്‍ മദ്യശാലകള്‍ പൂട്ടി ഈ നടപടി തുടരണം,' കമല്‍ ഹാസന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഡി.എം.കെ സഖ്യകക്ഷിയായ കമല്‍ ഹാസന്‍ നിലവില്‍ രാജ്യസഭാംഗമാണ്.
വിജയ്യുടെ അടുത്ത സുഹൃത്തും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ നടന്‍ വിശാല്‍ വീഡിയോ സന്ദേശത്തിലൂടെയാണ് തന്റെ നന്ദി അറിയിച്ചത്. 'നിങ്ങള്‍ക്കായാണ് അഭിനന്ദനങ്ങളും വിസിലുകളും ഉയരുന്നത്. പ്രിയപ്പെട്ട മുഖ്യമന്ത്രി ജോസഫ് വിജയ്, 717 വൈന്‍ ഷോപ്പുകള്‍, പ്രത്യേകിച്ച് സ്‌കൂളുകള്‍ക്ക് സമീപമുള്ളവ അടച്ചുപൂട്ടാനുള്ള പ്രഖ്യാപനത്തിന് നന്ദി. എന്ത് മികച്ചൊരു നടപടിയാണിത്'- വിജയ്ക്ക് പ്രശംസകളറിയിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തിനൊപ്പം വിശാല്‍ കുറിച്ചു. സ്‌കൂളുകള്‍ക്ക് സമീപമുള്ള ടാസ്മാക് സ്റ്റോറുകള്‍ കാരണം നിരവധി പെണ്‍കുട്ടികള്‍ ദുരനുഭവം നേരിടുന്നുണ്ടെന്നും വിശാല്‍ പറഞ്ഞു. വിജയ്ക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും സല്യൂട്ട് നല്‍കുന്നതായും അദ്ദേഹം തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
'അഭിനന്ദനങ്ങള്‍, നിങ്ങള്‍ക്കുവേണ്ടി വിസിലടിക്കുന്നു. സ്‌കൂളുകള്‍ക്ക് സമീപമുള്ളവയടക്കം 717 മദ്യശാലകള്‍ അടയ്ക്കാനുള്ള തീരുമാനത്തിന് നന്ദി. ഒരുപാട് പെണ്‍കുട്ടികള്‍ ദുരിതമനുഭവിക്കുന്നുണ്ടായിരുന്നു. ആര്‍.കെ. നഗറില്‍ ഒരു പെണ്‍കുട്ടിയെ എനിക്ക് നേരിട്ടറിയാം. ടാസ്മാകിന്റെ മദ്യവില്‍പന ശാല മറികടന്ന് വീട്ടിലെത്താനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് അവള്‍ പരാതിപ്പെട്ടിരുന്നു. അവളും പൊതുസമൂഹത്തിലെ വലിയ വിഭാഗവും നിങ്ങളേയും ഈ തീരുമാനത്തേയും പ്രശംസിക്കും. എന്റേതുള്‍പ്പെടെ നിരവധി മുഖങ്ങളില്‍ ഈ തീരുമാനത്തോടെ പുഞ്ചിരി നിറയും. ഈ വിപത്തില്‍നിന്ന് എന്നേക്കുമായി മോചനം ലഭിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കും, പ്രിയപ്പെട്ട വിജയ്. നിങ്ങള്‍ക്കും സര്‍ക്കാരിനും സല്യൂട്ട്', സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം വിശാല്‍ കുറിച്ചു.
സംസ്ഥാനത്തെ 234 സീറ്റുകളില്‍ 108 സീറ്റുകള്‍ നേടിയാണ് വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍, വിടുതലൈ ചിരുതൈഗല്‍ കച്ചി (വി.സി.കെ) എന്നിവരുടെ പിന്തുണയോടെയാണ് വിജയ് സര്‍ക്കാര്‍ രൂപീകരിച്ചത്. അറുപത് വര്‍ഷത്തിന് ശേഷം ദ്രാവിഡ പാര്‍ട്ടികളെ മാറ്റിനിര്‍ത്തി അധികാരം പിടിച്ച വിജയ്, ലഹരിമുക്ത തമിഴ്‌നാട് എന്ന ലക്ഷ്യത്തിലൂടെ ജനപിന്തുണ വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. മദ്യശാലകളുടെ ദൂരപരിധി സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശങ്ങള്‍ ലഹരി മാഫിയക്ക് കൂച്ചുവിലങ്ങിടാന്‍ സഹായിക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍.
ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയ്ക്ക് സമീപത്തെ മദ്യവില്‍പന ശാലകള്‍ പൂട്ടാനാണ് വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇവയുടെ 500 മീറ്റര്‍ ദൂരപരിധിയിലുള്ള കടകളെല്ലാം പൂട്ടാനാണ് ഉത്തരവില്‍ പറയുന്നത്. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് ലഹരി ഉപയോഗത്തെക്കുറിച്ചും അതിനെ തുടര്‍ന്നുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചും ആയിരുന്നു. താന്‍ മുഖ്യമന്ത്രിയായാല്‍ ലഹരി മാഫിയകള്‍ക്ക് കൂച്ചുവിലങ്ങിടും എന്ന തരത്തില്‍ വിജയ് തന്റെ പല പ്രസംഗങ്ങളിലും സൂചിപ്പിച്ചിരുന്നു.