മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ഇന്നലെ തന്റെ 40-ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. താരത്തിന്റെ ഇത്തവണത്തെ പിറന്നാള്‍ ദിനത്തില്‍ നാല് ചിത്രങ്ങളുടെ വിശേഷങ്ങളാണ് പുറത്ത് വന്നത്.സലാര്‍, ഖലീഫ, വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളും കാപ്പയുടെ ടീസറുമാണ് അണിയറ പ്രവര്‍ത്തകരും പൃഥിരാജും ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടതും ആരാധകര്‍ക്ക് ഏറെ ആവേശമായി.പ്രതികാരം സുവര്‍ണ ലിപികളാല്‍ എഴുതപ്പെടും എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍. പോക്കിരി രാജ കഴിഞ്ഞ് പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ആക്ഷന്‍ ഗണത്തില്‍പ്പെട്ട ചിത്രം ബിഗ് ബഡ്ജറ്റില്‍ ദുബായ് പശ്ചാത്തലമായാണ് ഒരുങ്ങുന്നത്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.ജിനു വി. എബ്രഹാമാണ് രചന. ജിനു എബ്രഹാം ഇന്നോവേഷന്‍,
യൂട്ട്ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറില്‍ ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, സൂരജ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.കൈതി,മാസ്റ്റര്‍ തുടങ്ങിയ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച സത്യന്‍ സൂര്യയാണ് ദൃശ്യാവിഷ്‌കാരം. ജേക്‌സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റര്‍ ഷമീര്‍ മുഹമദ്, കലാസംവിധാനം ഷാജി നടുവില്‍, പി. ആര്‍. ഒ ശബരി.
അതേസമയം നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.വിലായത്ത് ബുദ്ധയുടെ ചിത്രീകരണം ഈയാഴ്ച മറയൂരില്‍ ആരംഭിക്കും. ഷാജി കൈലാസ് ചിത്രം കാപ്പയുടെയും ഫസ്റ്റ് ടീസറും പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങി.
പ്രഭാസിനെ നായകനാക്കി കെ.ജി.എഫ് സംവിധായകനായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ഗംഭീര ലുക്കുള്ള പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 200 കോടി ബഡ് ജറ്റില്‍ ഒരുങ്ങുന്നചിത്രത്തില്‍ പൃഥ്വിരാജിന് വില്ലന്‍ വേഷം എന്നാണ് വിവരം
വരദരാജ മന്നാര്‍ എന്ന കഥാപാത്രം എത്രമാത്രം ശക്തമാണെന്ന സൂചന നല്‍കുന്ന പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. വരദരാജ മന്നാറിനെ അവതരിപ്പിക്കാന്‍ ഇതിലും മികച്ചൊരു നടനെ കണ്ടെത്താനാകുമായിരുന്നില്ലെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍ പറഞ്ഞിരുന്നു.
ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ പൃഥ്വിരാജിനു ആശംസകള്‍ അറിയിച്ചു കൊണ്ട് പങ്കുവച്ച ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
പതിനഞ്ചു വര്‍ഷമായി നമ്മള്‍ ഒരുമിച്ച് പിറന്നാള്‍ ആഘോഷിക്കുന്നു. 25 വയസ്സു മുതല്‍ 40 വരെ ഞാന്‍ കണ്ട നമ്മുടെ ജീവിത യാത്ര എനിക്കു വളരെ പ്രിയപ്പെട്ടതാണ്. നിങ്ങളുടെ സ്വപ്നങ്ങളെ തേടി പോകൂ,ഞാന്‍ എപ്പോഴും കൂടെയുണ്ടാകും എന്നു വളരെ ഇമോഷ്ണലായൊരു പിറന്നാള്‍ ആശംസയാണ് സുപ്രിയ പൃഥ്വിരാജിനു നല്‍കിയത്. ഇരുവരും ഒന്നിച്ചുളള യാത്രകള്‍ക്കിടയിലെ ചിത്രങ്ങളും സുപ്രിയ ഷെയര്‍ ചെയ്തിട്ടുണ്ട്.
പൃഥിക്ക് സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് ആശംസ നേര്‍ന്നെത്തിയത്.എന്റെ സഹോദരന് പിറന്നാള്‍ ആശംസകള്‍, നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാം നിങ്ങള്‍ അര്‍ഹിക്കുന്നു. ഹാപ്പി 40, എല്ലാവരും അറിയട്ടെ പ്രായം,' നസ്രിയയുടെ ആശംസ ഇങ്ങനെ.സംവൃത സുനില്‍, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ,മഞ്ജു,ജയസൂര്യ തുടങ്ങിയ താരങ്ങളും പൃഥിരാജിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്