ഇന്നലെ ബോളിവുഡിന്റെ താരം ഷാരൂഖ് ഖാന്‍ തന്റെ 57-ാം ജന്മദിനം ആണ് കടന്ന് പോയത്. പതിവ് പോലെ ഇത്തവണയും ഷാരൂഖിനെ കാണാനും പിറന്നാള്‍ ആശംസകള്‍ നേരാനുമായി മുംബൈയിലെ താരത്തിന്റെ വസതിയായ മന്നത്തിനു മുന്നില്‍ തടിച്ചുകൂടിയത് ആയിരങ്ങളാണ്.
പതിവു മുടക്കാതെ തന്നെ കാണാനും ആശംസകള്‍ അറിയിക്കാനുമെത്തിയ ആരാധകരെ കാണാന്‍ മന്നത്തിനു മുകളിലൊരുക്കിയ ഡക്കില്‍ ഇത്തവണയും നടന്‍ പ്രത്യക്ഷപ്പെട്ടു.
ആള്‍ക്കൂട്ടത്തെ കൈവീശി കാണിച്ച താരം തന്റെ ട്രേഡ് മാര്‍ക്ക് സ്‌റ്റൈലില്‍ അവര്‍ക്ക് നന്ദി പറയുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. കറുപ്പു വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ഷാരൂഖിനൊപ്പം ഇളയമകന്‍ അബ്രാമും ഉണ്ടായിരുന്നു.
1980 കളില്‍ ടി വി സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1992 ല്‍ ഇറങ്ങിയ ദീവാനയാണ് ആദ്യത്തെ സിനിമ. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്. ഇന്ത്യന്‍ ചലച്ചിത്രത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2005ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഷാരൂഖ് ഖാന് പദ്മശ്രീ നല്‍കി ആദരിച്ചു.
ഖാന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) and രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വന്‍വിജയചിത്രങ്ങളാണ്.അതേ സമയം കഭി ഖുശി കഭി ഗം (2001), കല്‍ ഹോ ന ഹോ (2003), വീര്‍-സാരാ (2004), കഭി അല്‍വിദ ന കഹ്നാ (2006),മൈ നെയിം ഈസ് ഖാന്‍ (2010) തുടങ്ങിയവ വിദേശത്ത് വിജയിച്ച ബോളിവുഡ് ചിത്രങ്ങളാണ്.
2000 മുതല്‍ ഷാരൂഖ് ഖാന്‍ ടെലിവിഷന്‍ അവതരണം, സിനിമ നിര്‍മ്മാണം എന്നിവയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഡ്രീംസ് അണ്‍ലിമിറ്റഡ്, റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് എന്നീ രണ്ട് സിനിമാ നിര്‍മ്മാണ സ്ഥാപനങ്ങള്‍ ഉണ്ട്.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പത്താന്‍ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് താരം. ഷാരൂഖിന് പിറന്നാള്‍ സമ്മാനമായി അണിയറപ്രവര്‍ത്തകര്‍ പത്താന്റെ ടീസറും റിലീസ് ചെയ്തിട്ടുണ്ട്. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരാണ് പത്താനില്‍ ഷാരൂഖിന്റെ സഹതാരങ്ങള്‍. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.
രാജ് കുമാര്‍ ഹിരാനിയുടെ ഡുങ്കി ആറ്റ്ലിയുടെ ജവാന്‍ എന്നിവയാണ് അണിയറയില്‍ പുരോഗമിക്കുന്ന ഷാരൂഖ് ചിത്രങ്ങള്‍. ആനന്ദ് എല്‍ റായിയുടെ സീറോ (2018) ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ഷാരൂഖ് ചിത്രം. സീറോ; ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുത്ത് മികച്ച ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു താരം.