റൊമാന്‍റിക് ഗാനവിസ്മയവുമായി മലയാളത്തില്‍ വീണ്ടും ദക്ഷിണേന്ത്യന്‍ ഗായകന്‍ ഹരിചരണ്‍. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം 'ബൈനറി' യില്‍ ഹരിചരണും പുതമുഖ ഗായിക പൂജാ സന്തോഷും ആലപിച്ച യുഗ്മ ഗാനം റിലീസായി. സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിയ ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ച ഹരിചരണ്‍ വീണ്ടും മലയാളത്തില്‍ ഈ ഗാനത്തിലൂടെ പാടുകയാണ്. പ്രശസ്ത ഗാനരചയിതാവും കവിയുമായ പി കെ ഗോപിയുടെ പ്രണയം തുളുമ്പുന്ന വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശ്രദ്ധേയ സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ ശൂരനാടാണ്. ഏറെ ഹൃദയഹാരിയായ ഈ ഗാനം സോഷ്യല്‍ മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്. ഹരിചരണിന്‍റെ ശ്രുതിമധുരമായ പ്രണയഗാനം സംഗീതാസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു.' ബൈനറിയുടെ ഓഡിയോ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തില്‍ റിലീസ് ചെയ്തിരുന്നു. ഡോ.ജാസിക് അലിയാണ് ബൈനറിയുടെ സംവിധായകന്‍. മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
രാജ്യസുരക്ഷയും വ്യക്തികളുടെ സ്വകാര്യ ജീവിതവും പലപ്പോഴും സൈബര്‍ കുറ്റവാളികളുടെ വലയില്‍ കുരുങ്ങിപ്പോകുകയാണ്. ഇത്തരം കുറ്റവാളികളെ കണ്ടെത്തുക പോലും ഏറെ പ്രയാസകരമാണ്. അങ്ങനെ പുതിയ കാലത്തെ ജീവിതപരിസരങ്ങളിലൂടെ സൈബര്‍ലോകത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ബൈനറി. വളരെയേറെ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളും സസ്പെന്‍സുകളും കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബര്‍ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘര്‍ഷഭരിതമായ ഒരു യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം. കുറ്റാന്വേഷണ സ്വഭാവത്തിലുള്ള ഈ ചിത്രം കുടുംബപ്രേക്ഷകരെയും രസിപ്പിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്.