സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ മോഹന്‍രാജ് മരിച്ച സംഭവത്തില്‍ സംവിധായകന്‍ പാ. രഞ്ജിത്തിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. സ്റ്റണ്ട് കോര്‍ഡിനേറ്ററായ കാഞ്ചീപുരം പൂങ്കണ്ടം സ്വദേശി മോഹന്‍രാജ് (52) ആണ് മരിച്ചത്. അപകടത്തിനു പിന്നാലെ ഹൃദയാഘാതമുണ്ടായ മോഹന്‍രാജിനെ നാഗപട്ടണം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറി. കീലയൂര്‍ പൊലീസ് പരിധിയിലുള്ള ആലപ്പക്കുടിയില്‍ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ ഞായറാഴ്ചയാണ് സംഭവം. പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്. എസ്യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു.
വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ സംവിധായകന്‍ പാ. രഞ്ജിത്ത്, സ്റ്റണ്ട് കൊറിയോഗ്രഫര്‍ വിനോദ്, നിര്‍മാതാക്കളായ നീലം പ്രൊഡക്ഷന്‍സിന്റെ ചുമതലയുള്ള രാജ്കമല്‍, പ്രഭാകരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മെഡിക്കല്‍ സംഘത്തിന്റെ കണ്ടെത്തലുകളുടെയും ഷൂട്ടിങ് ലൊക്കേഷനിലെ ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊഴികളുടെയും അടിസ്ഥാനത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
അതേ സമയം മോഹന്‍രാജിന്റെ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇതും ഒരു സിനിമാ ലൊക്കേഷനില്‍വച്ചുള്ളതാണ്. നടനും സംവിധായകനും നൃത്ത സംവിധായകനുമായ രാഘവാ ലോറന്‍സിന്റെ സഹോദരന്‍ നായകനായ ബുള്ളറ്റ് എന്ന ചിത്രത്തിന്റെ സെറ്റില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മറിഞ്ഞ്, തകര്‍ന്നുകിടക്കുന്ന കറുത്ത കാറിനുള്ളില്‍നിന്ന് ഇറങ്ങി വരുന്ന മോഹന്‍രാജാണ് വീഡിയോയിലുള്ളത്.
കാറില്‍നിന്നിറങ്ങുന്ന അദ്ദേഹത്തെ സംവിധായകനുള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ ആലിംഗനം ചെയ്തും പുറത്ത് തട്ടിയുമെല്ലാം അഭിനന്ദിക്കുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം വേച്ചുകൊണ്ട് ആംബുലന്‍സിലേക്ക് കയറുകയാണ്. സമാനരീതിയിലുള്ള രംഗം ചിത്രീകരിക്കുന്നതിനിടെയാണ് തിങ്കളാഴ്ച മോഹന്‍രാജ് അപകടത്തില്‍പ്പെട്ട് മരണത്തിന് കീഴടങ്ങിയത്.
ആര്‍ട്ടിസ്റ്റ് രാജുവിനെ അനുസ്മരിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ കുറിപ്പ് പങ്ക് വച്ചു.ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം അനുശോചനം അറിയിച്ചിരിക്കുന്നത്. 'നിങ്ങളുടെ കഴിവും ധൈര്യവും ഇല്ലായിരുന്നെങ്കില്‍ പല സിനിമകളിലെയും മികച്ച രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പോലും സാധിക്കില്ലായിരുന്നു' എന്ന് പൃഥ്വിരാജ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്ന് തമിഴ് നടന്‍ വിശാല്‍ പറഞ്ഞു. കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 'നമ്മുടെ മികച്ച കാര്‍-ജമ്പിംഗ് സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായ എസ്.എം. രാജു ഇന്ന് കാര്‍ സ്റ്റണ്ട് ചെയ്യുന്നതിനിടെ മരിച്ചു. നമ്മുടെ സ്റ്റണ്ട് യൂണിയനും ഇന്ത്യന്‍ ചലച്ചിത്ര വ്യവസായവും അദ്ദേഹത്തെ മിസ്സ് ചെയ്യും എന്നാണ് സ്റ്റണ്ട് സില്‍വ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തമിഴ് ചലച്ചിത്ര മേഖലയിലെ പരിചയസമ്പന്നനായ സ്റ്റണ്ട് ആര്‍ട്ടിസ്റ്റായിരുന്നു എസ്.എം. രാജു. വേട്ടുവന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് രാജുവിന് അപകടമുണ്ടായത്. ആര്യ, ശോഭിത ധൂലിപാല, ആട്ടക്കത്തി ദിനേശ്, കലൈയരസന്‍, ലിംഗേഷ് എന്നിവര്‍ അടങ്ങുന്ന വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.