മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് റഹ്മാന്‍. പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെയിലൂടെയാണ് അദ്ദേഹം തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ താരത്തിന് നിരവധി മികച്ച അവസരങ്ങളാണ് ലഭിച്ചത്. ഇടയ്ക്ക് വെച്ച് അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു അദ്ദേഹം. ഇന്നും റഹ്മാന് ആരാധകര്‍ക്ക് കുറവൊന്നുമില്ല. സൂപ്പര്‍ഹിറ്റ് സിനിമകളില്‍ കോളേജ് കുമാരനായും നായകനായിട്ടുമൊക്കെ റഹ്മാന്‍ തിളങ്ങി. അക്കാലത്ത് ശോഭനയും രോഹിണിയുമായിരുന്നു റഹ്മാന്റെ നായികമാരായി കൂടുതലും അഭിനയിച്ചത്. ഇതോടെ ഇവരുമായി റഹ്മാന്‍ പ്രണയത്തിലാണെന്ന കഥയും പ്രചരിച്ചിരുന്നു.
അതേസമയം, സിനിമയെ പോലും വെല്ലുന്ന നടന്‍ റഹ്മാന്റെ മാതാപിതാക്കളുടെ പ്രണയ വിവാഹ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ വര്‍ഷമാണ് റഹ്മാന്റെ മാതാവ് സാവിത്രി നായര്‍ മരിച്ചത്. അതിനു തൊട്ടു മുമ്പ് പിതാവും മരിച്ചു. കെഎംഎ റഹ്മാന്‍ എന്നായിരുന്നു ഉപ്പയുടെ പേര്. നേവി ഉദ്യോഗസ്ഥനായിരുന്നു. പ്രണയ വിവാഹമായിരുന്നു അവരുടേത്. രണ്ടു മതത്തില്‍ പെട്ടവര്‍ ആയിരുന്നതിനാല്‍ തന്നെ വലിയ പ്രശ്നങ്ങളും ഉണ്ടായിരുന്നു.
നേവിയില്‍ നിന്നും ട്രെയിനിംഗിനായി നിലമ്പൂരില്‍ എത്തിയതായിരുന്നു പിതാവ്. വലിയ മഴ പെയ്ത് അവിടെ മുഴുവന്‍ വെള്ളം കയറിയപ്പോള്‍ നിലമ്പൂരിലെ വീട്ടിലായിരുന്നു എല്ലാവരും താമസിച്ചത്. അവിടെ വച്ചാണ് പിതാവും അമ്മ സാവിത്രി നായരും കണ്ടുമുട്ടിയത്. ആ കണ്ടുമുട്ടല്‍ പ്രണയമായി വളര്‍ന്നു. നേവിയിലായിരുന്നപ്പോള്‍ പിതാവ് ഒരു റഷ്യന്‍ ഗേള്‍ഫ്രണ്ടുണ്ടായിരുന്നു. അവരെ ഉപേക്ഷിച്ചാണ് സാവിത്രി നായരെ പ്രണയിച്ചതും വിവാഹം ചെയ്തതും. ഹിന്ദുവും മുസ്ലീമും ആയതിനാല്‍ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.
വിവാഹശേഷം സാവിത്രിയെ മതം മാറ്റാനോ മുസ്ലീം മതാചാരം അനുസരിച്ചുള്ള ജീവിതം നയിക്കുവാനോ ഒന്നും റഹ്മാന്റെ പിതാവ് നിര്‍ബന്ധിച്ചിരുന്നില്ല. പേരൊന്നും മാറ്റിയിരുന്നില്ല. സാവി എന്നാണ് അവസാനം വരെ പിതാവ് വിളിച്ചിരുന്നത്. നാട്ടുകാര്‍ക്കും ഡോക്യുമെന്‍സിനും വേണ്ടി മറ്റൊരു പേര് സ്വീകരിച്ചിരുന്നുവെങ്കിലും വീട്ടിലും പിതാവിനും എല്ലാം മരണം വരെ അവര്‍ സാവിത്രി നായര്‍ തന്നെയായിരുന്നു. നിസ്‌കരിക്കാനൊന്നും പഠിപ്പിച്ചിരുന്നില്ല. മതം മാറാനും പറഞ്ഞിട്ടില്ല. അത്രയ്ക്കും സ്നേഹത്തോടെയും പ്രണയത്തോടെയും ആണ് ഇരുവരും കഴിഞ്ഞിരുന്നത്.
ആ പ്രണയം ഇരുവരുടെയും മരണം വരെയും തുടര്‍ന്നിരുന്നു. അത്രയധികം പരസ്പരം സ്‌നേഹിച്ചാണ് ഇരുവരും ജീവിച്ചിരുന്നത്. മരിക്കുന്നതിനും അഞ്ചാറ് വര്‍ഷം മുന്‍പെ സാവിത്രി നായര്‍ കിടപ്പിലായിരുന്നു. പെട്ടെന്ന് ഓര്‍മ്മ പോവുകയായിരുന്നു. പാര്‍ക്കിന്‍സണ്‍സായിരുന്നു. ഓര്‍മ്മ പോലുമില്ലാതെ സാവിത്രി കിടന്ന സമയത്ത് നോക്കിയതെല്ലാം പിതാവായിരുന്നു. മക്കളെ കൊണ്ടോ, നഴ്‌സ്മാരെ കൊണ്ടോ ഒന്നും ചെയ്യാന്‍ സമ്മതിപ്പിച്ചിരുന്നില്ല. കുളിപ്പിക്കുന്നത് മുതല്‍ ഉടുപ്പ് മാറ്റുന്നത് വരെ പിതാവാണ് ചെയ്തത്. വേറെ ആരും ചെയ്താലും ശരിയാവില്ലെന്നായിരുന്നു പിതാവ് പറഞ്ഞത്. എന്നാല്‍ പിതാവ് ആദ്യം മരിച്ചത് സാവിത്രി നായര്‍ അറിഞ്ഞിരുന്നില്ല.
നിലമ്പൂരിലായിരുന്നു അവര്‍ അവസാന കാലത്ത് കഴിഞ്ഞിരുന്നത്. ആ സമയത്ത് മക്കളെല്ലാം ഭയങ്കര എതിര്‍പ്പിലായിരുന്നു. ഹോം നഴ്സിനെ കിട്ടുന്ന ഇക്കാലത്ത് എന്തിനാണ് പിതാവ് ഇത്ര വാശി കാണിക്കുന്നത് എന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഡോക്ടറും പറയാറുണ്ടായിരുന്നു ഹോംനഴ്‌സിനെ വെക്കാമെന്ന്. അതൊന്നും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. പിന്നീട് ഭര്‍ത്താവ് മരിച്ചതും സാവിത്രി നായര്‍ അറിഞ്ഞിരുന്നില്ല. ഭര്‍ത്താവിനെ അടക്കുന്ന സ്ഥലത്തു തന്നെ തന്നെയും അടക്കണമെന്ന് സാവിത്രി നായര്‍ നേരത്തെ പറഞ്ഞിരുന്നു. അതനുസരിച്ച് പിതാവിന്റെ അടുക്കല്‍ തന്നെയാണ് മാതാവിനെയും അടക്കം ചെയ്തത്.