ബോളിവുഡ് താരങ്ങളെപ്പോലെ പ്രശസ്തരും വാര്‍ത്താ വ്യക്തിത്വങ്ങളുമാണ് അവരുടെ മക്കള്‍. താരങ്ങള്‍ക്കു കിട്ടുന്ന മാധ്യമ ശ്രദ്ധ താരമക്കള്‍ക്കും കിട്ടുന്നു. എന്നാല്‍ അനാവശ്യമായ സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലേക്ക് താരങ്ങളുടെ മക്കള്‍ വലിച്ചിഴയ്ക്കപ്പെടുമ്പോള്‍ അതു വലിയ വിവാദങ്ങളും കോലാഹങ്ങളുമുണ്ടാക്കാറുണ്ട്. അത്തരമൊരു വിവാദത്തില്‍ തന്റെ മക്കളുടെ പേരു ചേര്‍ക്കപ്പെട്ടതിനെതിരെ അജയ് ദേവ്ഗണ്‍ രംഗത്തെത്തിയതാണ് പുതിയ വാര്‍ത്ത.
തന്റെ മക്കളെ ട്രോളുന്നത് അവസാനിപ്പിക്കണമെന്നാണ് അജയ് പറയുന്നത്. വേണമെങ്കില്‍ തന്നെയും ഭാര്യ കജോളിനെയും വിലയിരുത്തിക്കൊള്ളൂ എന്നും മക്കളെ വെറുതെ വിടണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അജയ് ദേവ്ഗണിനും കജോളിനും രണ്ട് മക്കളാണ്. ന്യസയും യഗും. വിമാനത്താവളത്തില്‍ വെച്ചുള്ള ന്യസയുടെ ഒരു ഫോട്ടോ അടുത്തിടെ വലിയ വിമര്‍ശനത്തിനിടയായിരുന്നു. ഇതിനെതിരെയാണ് അജയ് രംഗത്തെത്തിയത്.ചിലര്‍ക്ക് ഇതൊന്നും കാര്യമല്ലായിരിക്കും, പക്ഷേ മക്കള്‍ക്കെതിരെയുണ്ടാകുന്ന ക്രൂരമായ ട്രോളുകള്‍ തന്നെ വേദനിപ്പിക്കുന്നതാണെന്ന് അജയ് പറയുന്നു.