അമിതാഭ് ബച്ചന് തന്റെ 80-ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്.രാജ്യം മുഴുവന്‍ ബിഗ്ബിയുടെ ബിഗ് ഡേ ആഘോഷമാക്കുകയാണ്. പ്രധാനമന്ത്രിയടക്കം നിരവധി പേരാണ് നടന് ആശംസകള്‍ അറിയിച്ച് എത്തിയത്. മുംബൈയിലെ വസതിയിലും നടന് ജന്മദിനാശംസകളറിയിച്ച് നിരവധി പേരാണ് എത്തിയത്. മുംബൈയിലെ ജല്‍സയില്‍ ഇന്നലെ രാത്രി തടിച്ചുകൂടിയ ആരാധകര്‍ക്ക് മുന്നിലെത്തിയ നടന്റെ വീഡിയോയും വൈറലാകുന്നുണ്ട്.
മകള്‍ ശ്വേത ബച്ചന്‍ നന്ദ, ചെറുമകള്‍ നവ്യ നവേലി നന്ദ എന്നിവര്‍ക്കൊപ്പം ബംഗ്ലാവിന് പുറത്തെത്തിയാണ് താരം ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയത്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ അമിതാഭ് തന്റെ ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്നത് കാണാം. എല്ലാവരോടും കൈ കൂപ്പി നന്ദിയും പറഞ്ഞു.
ബച്ചന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സംപ്രേഷണം ചെയ്യുന്ന കോണ്‍ ബനേഗാ ക്രോര്‍പതിയുടെ പ്രത്യേക എപ്പിസോഡിന്റെ പ്രമോയും ശ്രദ്ധ നേടുന്നുണ്ട്. പിറന്നാള്‍ എപ്പിസോഡില്‍ ബച്ചന് സര്‍പ്രൈസ് ഒരുക്കാനായി അഭിഷേക് ബച്ചനും ജയ ബച്ചനും എത്തിയിരുന്നു. അമിതാഭ് ബച്ചനും ജയ ബച്ചനും തമ്മിലുള്ള വൈകാരികവും രസകരവുമായ മുഹൂര്‍ത്തങ്ങളാണ് പ്രമോയില്‍ കാണാന്‍ സാധിക്കുക.
പരിപാടിയുടെ പ്രമോയില്‍ ടൈം ട്രാവലര്‍ ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ഏതു വര്‍ഷത്തിലേക്ക് തിരിച്ചു സഞ്ചരിക്കും? അതെന്തുകൊണ്ട് എന്നായിരുന്നു ജയ ബച്ചന്റെ ചോദ്യം.എനിക്ക് തിരിച്ചുപോകാന്‍ ആഗ്രഹമുള്ളത്... എന്ന ബച്ചന്റെ വാക്കുകള്‍ക്കു പിന്നാലെ അദ്ദേഹം കുട്ടികാലം ചിലവഴിച്ച അലഹബാദിലെ തറവാട്ടിലെ ദൃശ്യങ്ങള്‍ കാണിക്കുന്നതും കുട്ടിക്കാല ഓര്‍മ്മകളില്‍ വികാരാധീനനായി കണ്ണുകള്‍ ഈറനണിയുന്നതും പ്രമോയില്‍ കാണാം.
ഒരാളുടെ പ്രകടനത്തില്‍ മതിപ്പുതോന്നിയാല്‍ അവര്‍ക്ക് പൂക്കളോ കത്തുകളോ സമ്മാനിക്കുന്ന താങ്കള്‍ എന്തുകൊണ്ടാണ് എനിക്ക് മാത്രം ഒരെണ്ണം പോലും സമ്മാനിച്ചിട്ടില്ല?എന്നായിരുന്നു ബച്ചനോട് ജയയുടെ അടുത്ത ചോദ്യം. ജയയുടെ ചോദ്യത്തിന് ഇടയ്ക്കുകയറി അത് പുറത്തു പറയുന്നത് ന്യായമല്ലെന്ന് ബച്ചന്‍ പറയുന്നു.
മറ്റൊരു പ്രൊമോയില്‍ ആളൊഴിഞ്ഞ ഒരു ദ്വീപില്‍ തന്നോടൊപ്പം കുടുങ്ങിപ്പോയാല്‍ എന്താവും താന്‍ കൂടെ കൂട്ടുക എന്ന ജയയുടെ ചോദ്യത്തിന് അമിതാഭ് ഉത്തരം ആലോചിക്കവേ ഒരു ലൈഫ് ബോട്ട്, അതുകൊണ്ട് ഓടിപോകാമല്ലോ, എന്നാണ് തമാശയായി താരം പറയുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ഗുഡ്ബൈ എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചന്‍ ഒടുവിലായി അഭിനയിച്ചത്. മെഗാസ്റ്റാറിന്റെ പിറന്നാള്‍ പ്രമാണിച്ച് ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് 80 രൂപയാക്കി പരിമിതപ്പെടുത്തിയതായി ഗുഡ്ബൈയുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചു.