Latest News

'അമ്മ'യിലെ ചേരിപ്പോര്: അന്‍സിബയുടെ പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതി; രമേശ് പിഷാരടിയും പൊന്നമ്മ ബാബുവും മുത്തുമണിയും സമിതിയില്‍; ടിനി ടോമിനെതിരായ പരാതി സമിതി പരിശോധിക്കും; നടിയുടെ മൊഴിയെടുക്കാന്‍ പൊലീസ് 

Malayalilife
 'അമ്മ'യിലെ ചേരിപ്പോര്: അന്‍സിബയുടെ പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതി; രമേശ് പിഷാരടിയും പൊന്നമ്മ ബാബുവും മുത്തുമണിയും സമിതിയില്‍; ടിനി ടോമിനെതിരായ പരാതി സമിതി പരിശോധിക്കും; നടിയുടെ മൊഴിയെടുക്കാന്‍ പൊലീസ് 

താര സംഘടനയായ 'അമ്മ'യില്‍ (AMMA) ഉടലെടുത്ത ആഭ്യന്തര തര്‍ക്കങ്ങളും ചേരിപ്പോരും സങ്കീര്‍ണമായതോടെ തര്‍ക്ക വിഷയങ്ങള്‍ പരിശോധിക്കാന്‍ അഞ്ചംഗ സമിതി. സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും പുറമെ രമേശ് പിഷാരടി, പൊന്നമ്മ ബാബു, മുത്തുമണി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സ്വതന്ത്രസമിതി വേണമെന്ന് അന്‍സിബ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഇല്ലാത്ത മൂന്ന് പേരെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. ടിനി ടോമിനെതിരെ അന്‍സിബ ഹസന്‍ നല്‍കിയ പരാതി സമിതി പരിശോധിക്കും.

നടന്‍ ടിനി ടോം തന്നെ മതതീവ്രവാദിയായി ചിത്രീകരിച്ചുവെന്നും തനിക്കെതിരെ അവിഹിതക്കഥകള്‍ പ്രചരിപ്പിച്ചുവെന്നുമാണ് അന്‍സിബയുടെ പ്രധാന ആരോപണം. ഭരണസമിതിയുടെ ഭാഗമായ ടിനി ടോം തന്റെ വളര്‍ച്ചയെ തടയാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച നടി, ഇയാള്‍ക്കെതിരെ കൊച്ചി കടവന്ത്ര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. നടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. വരും ദിവസങ്ങളില്‍ അന്‍സിബയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാകും ടിനി ടോമിനെ വിളിപ്പിക്കുന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുക്കുക. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച ടിനി ടോം, സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തന്റെ വളര്‍ച്ചയില്‍ ഭയമുള്ള ചിലര്‍ നടത്തുന്ന ഗൂഢാലോചനയാണിതെന്നാണ് വിശദീകരിക്കുന്നത്. 

 ടിനി ടോമിനെതിരെയുള്ള അന്വേഷണത്തിന് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടാത്ത തികച്ചും സ്വതന്ത്രമായൊരു സമിതി വേണമെന്നായിരുന്നു അന്‍സിബയുടെ നിലപാട്. എന്നാല്‍ ഭരണഘടനാനുസൃതമായി പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു പാനല്‍ രൂപീകരിക്കാന്‍ ആകില്ലെന്ന് ശ്വേതാ മേനോന്‍ നിലപാട് എടുത്തതോടെയാണ് ഈ മൂന്ന് പേരെക്കൂടി ഉള്‍പ്പെടുത്തി അഞ്ചംഗ സമിതിയാക്കി മാറ്റിയത്. എങ്കിലും, തന്റെ പരാതിയില്‍ ശ്വേതാ മേനോനും ആരോപണവിധേയ ആണെന്നും അതിനാല്‍ അവര്‍ ഉള്‍പ്പെട്ട സമിതിക്ക് മുന്നില്‍ തന്റെ പരാതി ബോധിപ്പിക്കുന്നതില്‍ കാര്യമില്ലെന്നുമാണ് നടി നേരത്തെ സ്വീകരിച്ച നിലപാട്. പുതുതായി രൂപീകരിച്ച ഈ സമിതിക്ക് മുന്നില്‍ അന്‍സിബ എത്തുമോ എന്ന കാര്യത്തില്‍ താരം ഇതുവരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. 

 നേരത്തെ നടി ലക്ഷ്മി പ്രിയ തനിക്കെതിരെ പരാതി നല്‍കിയ സമയത്ത്, വിഷയത്തില്‍ ഇടപെടണമെന്ന് അന്‍സിബ 'അമ്മ' സംഘടനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് 'നതിംഗ് ടു ഡു വിത്ത് അമ്മ' (അമ്മയ്ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല) എന്ന നിലപാടാണ് സംഘടനയുടെ പ്രസിഡന്റ് സ്വീകരിച്ചതെന്ന് അന്‍സിബ വ്യക്തമാക്കുന്നു. എന്നാല്‍ പിന്നീട് ലക്ഷ്മി പ്രിയയെ പ്രസിഡന്റ് വ്യക്തിപരമായി പിന്തുണച്ചതായി അവര്‍ തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പറയുകയുണ്ടായി. ഇത്തരം ഇരട്ടത്താപ്പുകള്‍ കാണിക്കുന്ന പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടുന്ന കമ്മിറ്റിക്ക് മുന്നില്‍ നിന്ന് ഇനി എന്ത് നീതിയാണ് ലഭിക്കുക എന്ന ആശങ്ക അന്‍സിബ പങ്കുവെക്കുന്നുണ്ട്. 

സംഘടന എന്നത് കേവലം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും, മറിച്ച് തങ്ങളുടെ അംഗങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്തം കൂടി സംഘടനയ്ക്കുണ്ടെന്നും അന്‍സിബ ഓര്‍മ്മിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ പൊലീസിന്റെ അന്വേഷണ പുരോഗതിയും പുതിയ സമിതിയുടെ നീക്കങ്ങളും 'അമ്മ' സംഘടനയിലെ ഈ ആഭ്യന്തര കലഹത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാകും.

Read more topics: # അമ്മ'
police begin investigayion ansiba case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES