Latest News

ബാല്യകാല സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ജീവിതത്തെ കുറിച്ച് ഞങ്ങള്‍ക്കുണ്ടായിരുന്ന കാഴ്ചപ്പാട് ഒന്നല്ലയെന്ന് മനസിലായി;പരസ്പരം കാണാന്‍ സാധിക്കാത്ത അവസ്ഥ വരാന്‍ പാടില്ല എന്നുണ്ടായിരുന്നു; ദാമ്പത്യത്തില്‍ സംഭവിച്ചത് എന്തെന്ന് തുറന്ന് പറഞ്ഞ് അര്‍ച്ചനാ കവി

Malayalilife
ബാല്യകാല സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ജീവിതത്തെ കുറിച്ച് ഞങ്ങള്‍ക്കുണ്ടായിരുന്ന കാഴ്ചപ്പാട് ഒന്നല്ലയെന്ന് മനസിലായി;പരസ്പരം കാണാന്‍ സാധിക്കാത്ത അവസ്ഥ വരാന്‍ പാടില്ല എന്നുണ്ടായിരുന്നു; ദാമ്പത്യത്തില്‍ സംഭവിച്ചത് എന്തെന്ന് തുറന്ന് പറഞ്ഞ് അര്‍ച്ചനാ കവി

നുരാഗവിലോചിതനായി എന്ന പാട്ടിലൂടെ മലയാള സിനിമയില്‍ വൈറലായ നടിയാണ് അര്‍ച്ചന കവി. അതിനു ശേഷം ശ്രദ്ധേയമായ കഥാപാത്രങ്ങളൊന്നും നടിയ്ക്ക് ലഭിച്ചില്ലെങ്കിലും സ്വകാര്യജീവിതത്തില്‍ നിരവധി പ്രതിസന്ധികല്‍ലൂടെയും വേദനകളിലൂടെയുമാണ് നടി കടന്നു പോയത്. ഷോര്‍ട്ട് ഫിലിമിലൂടെയും യുട്യൂബ് ചാനലിലൂടെയും എല്ലാം നിലയുറപ്പിക്കുവാന്‍ ശ്രമിച്ച അര്‍ച്ചനാ കവി ഇപ്പോള്‍ മിനിസ്‌ക്രീനിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. അതിനിടെ വര്‍ഷങ്ങളോളം പ്രണയിച്ച ശേഷമുള്ള വിവാഹവും അതു തകര്‍ന്നു പോയതിന്റെ യഥാര്‍ത്ഥ കാരണവുമെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോള്‍.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ജോസ് കവിയിലിന്റെയും റോസമ്മയുടെയും മകളായ അര്‍ച്ചന ന്യൂഡെല്‍ഹിയിലാണ് ജനിച്ചതും വളര്‍ന്നതും എല്ലാം. 2006ലാണ് രാമപുരത്ത് ഡിഗ്രി പഠനത്തിനായി അര്‍ച്ചന കേരളത്തിലേക്ക് എത്തിയത്. അവിടെ നിന്നുമാണ് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ 2009ല്‍ നീലത്താമര എന്ന ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രമായി അര്‍ച്ചനാ കവി സിനിമയിലേക്ക് എത്തിയത്. ജേര്‍ണലിസ്റ്റ് ആകുവാനും ആര്‍ജെ ആകുവാനും എല്ലാം ആഗ്രഹിച്ച അര്‍ച്ചന അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് എത്തിപ്പെട്ടത്. യെസ് ഇന്ത്യാ വിഷന്‍ എന്ന ചാനലില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ എത്തുകയും ബ്ലഡി ലവ് എന്ന പരിപാടിയുടെ അവതാരകയായി പ്രത്യക്ഷപ്പെട്ടതുമാണ് ലാല്‍ജോസിന്റെ കണ്ണില്‍ അര്‍ച്ചനയെ എത്തിച്ചത്. അങ്ങനെയായിരുന്നു സിനിമാ പ്രവേശനം.

അതിനു ശേഷം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്തുവെങ്കിലും കരിയറിലെ മികച്ച കഥാപാത്രമായി ഒന്നും തന്നെ മാറിയില്ല. സുന്ദരി നീയും സുന്ദരന്‍ ഞാനും എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ അവതാരകയായും എത്തിയ അര്‍ച്ചനയ്ക്ക് കൊച്ചിയില്‍ സ്വന്തമായി ചായ എന്ന പേരില്‍ ഒരു ബൂട്ടികും ഉണ്ട്. അതിനിടയില്‍ 2015 ഒക്ടോബര്‍ 31നാണ് സ്റ്റാന്റപ്പ് കൊമേഡിയനായ അബീഷ് മാത്യുവുമായുള്ള അര്‍ച്ചനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. തൊട്ടടുത്ത വര്‍ഷം ജനുവരി 23ന് വിവാഹവും കഴിച്ചു. പ്രശസ്ത താരങ്ങളടക്കം നിരവധി പേര്‍ പങ്കെടുത്ത വിവാഹ ചടങ്ങുകളായിരുന്നു നടന്നത്. എന്നാല്‍, അഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 2021ല്‍ ഇരുവരും വിവാഹമോചനത്തിന് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

ഇരുവര്‍ക്കും ഇടയില്‍ എന്താണ് സംഭവിച്ചത് എന്നത് ഇപ്പോഴാണ് ആദ്യമായി അര്‍ച്ചന തുറന്നു പറഞ്ഞത്. ഡെല്‍ഹിയില്‍ ജീവിച്ചിരുന്ന കാലം മുതല്‍ക്കെ  അബീഷും അര്‍ച്ചനയും ബാല്യകാല സുഹൃത്തുക്കളായിരുന്നു. അതിലുപരി കുടുംബ സുഹൃത്തുക്കളാണ്. വീട്ടുകാരുമായും എല്ലാം അടുത്ത ബന്ധമുള്ള രണ്ടുപേര്‍. രണ്ടു പേരും ഏതാണ്ട് സമാനമായ ജോലി ചെയ്യുന്നവരും അവരവരുടെ ജോലി ഇഷ്ടപ്പെടുന്നവരാണ്. എപ്പോഴും വിളിക്കാറും സംസാരിക്കുകയും ചെയ്തിരുന്നില്ലെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യുമായിരുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന പ്രധാന കാര്യങ്ങളെല്ലാം പരസ്പരം സംസാരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വിവാഹ ജീവിതവും ആ തരത്തില്‍ മുന്നോട്ടു പോകും എന്നായിരുന്നു കരുതിയത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്.

വിവാഹം കഴിഞ്ഞ് ഒരുമിച്ച് ജീവിച്ചപ്പോഴാണ് ജീവിതത്തെ കുറിച്ച് രണ്ടു പേര്‍ക്കും ഉണ്ടായിരുന്ന കാഴ്ചപ്പാട് ഒന്നല്ല എന്ന് മനസിലാക്കിയത്. രണ്ടുപേരുടെയും ചിന്താഗതികള്‍ വ്യത്യസ്തമായിരുന്നു. കരിയര്‍ പോലും ഉപേക്ഷിച്ച് അബീഷിനൊപ്പം ജീവിക്കുവാനാണ് അര്‍ച്ചന ആഗ്രഹിച്ചത്. എന്നാല്‍ അബീഷിന് അര്‍ച്ചന കേരളത്തില്‍ തന്നെ നിന്ന് കരിയറില്‍ ശ്രദ്ധിച്ച് മുന്നോട്ടു പോകുന്നതായിരുന്നു താല്‍പര്യം. ഒരുമിച്ചുള്ള ജീവിതം ആഗ്രഹിച്ച അര്‍ച്ചനയ്ക്ക് അബീഷിന്റെ ഈ ആഗ്രഹത്തോട് യോജിക്കാന്‍ കഴിയുന്നതായിരുന്നില്ല. ഒരുതരത്തില്‍ അബീഷ് പറയുന്നതും അര്‍ച്ചന ആഗ്രഹിച്ചതും ശരിയാണ്. പക്ഷെ, രണ്ടു പേരും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാതെ ഇതില്‍ തന്നെ ഉറച്ചു നിന്നതോടെ ദാമ്പത്യത്തിലെ വീഴ്ചകളും സംഭവിക്കുകയായിരുന്നു.

വളരെ ഇമോഷണല്‍ ആയ വ്യക്തിയായിരുന്നു അര്‍ച്ചനയുടെ പിതാവ്. എല്ലാം പരസ്പരം ചര്‍ച്ച ചെയ്യുന്നൊരു കുടുംബമായിരുന്നു. വഴക്ക് പറഞ്ഞാല്‍ പോലും കൃത്യമായി സംസാരിക്കും. കുട്ടിക്കാലം മുതല്‍ക്കെ അച്ഛനും അമ്മയുമായി എന്തും സംസാരിക്കാമായിരുന്നു. അതു കണ്ടുവളര്‍ന്ന അര്‍ച്ചനയ്ക്ക് അബീഷിന്റെ ചിന്തകളോട് പൊരുത്തപ്പെടാന്‍ സാധിക്കുമായിരുന്നില്ല. ഇരുവരുടെയും കമ്യൂണിക്കേഷന്‍ സ്‌കില്‍ ഒന്നായിരുന്നില്ല. അര്‍ച്ചന എല്ലാം തുറന്നു പറഞ്ഞതോടെ കാര്യങ്ങള്‍ വിവാഹമോചനത്തിലേക്ക് എത്തുകയായിരുന്നു. ആദ്യ ദാമ്പത്യത്തിലെ തകര്‍ച്ചയ്ക്കു ശേഷം താനൊരു രണ്ടാം വിവാഹത്തിന് ഇതുവരെയും തയ്യാറായിട്ടില്ലെന്നും അര്‍ച്ചന പറഞ്ഞിരുന്നു. ഇപ്പോള്‍ ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്കും മടങ്ങിയെത്തിയിരിക്കുകയാണ് അര്‍ച്ചന കവി. ടെലിവിഷന്‍ പരമ്പരയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. റാണി രാജ എന്ന പരമ്പരയിലൂടെയാണ് അര്‍ച്ചന കവി തിരിച്ചു വന്നിരിക്കുന്നത്.

archana kavi talks about her failed marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES