2026-ല്‍ ഇന്ത്യയിലെ ചലച്ചിത്രപ്രേമികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമായ 'Toxic: A Fairytale for Grown-Ups', മാസങ്ങളായുള്ള ആകാംക്ഷയ്ക്ക് വിരാമമിട്ട് ഒടുവില്‍ വെടിയുതിര്‍ത്തിരിക്കുകയാണ്. റോക്കിംഗ് സ്റ്റാര്‍ യഷിന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ 'Introducing Raya' എന്ന ഗ്ലിംപ്സും, പിന്നാലെ വന്ന നയന്‍താരയുടെ 'ഗംഗ', കിയാര അദ്വാനിയുടെ 'നാദിയ', ഹുമ ഖുറേഷിയുടെ 'എലിസബത്ത്', രുക്മിണി വസന്തിന്റെ 'മെലീസ', താര സുതാരിയയുടെ 'റെബേക്ക' എന്നീ സ്‌റ്റൈലിഷ് ക്യാരക്ടര്‍ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയ ഔദ്യോഗിക ടീസര്‍ കൃത്യമായി ലക്ഷ്യസ്ഥാനത്ത് തന്നെ കൊണ്ടിരിക്കുകയാണ്.
അങ്ങേയറ്റം ബഹുമുഖമായ ഒരു വലിയ സിനിമാ ലോകത്തെയാണ് 'Toxic' ടീസര്‍ അനാവരണം ചെയ്യുന്നത്. ഒരു സര്‍ക്കസ് കൂടാരത്തില്‍ തുടങ്ങി കിഴക്കന്‍ ഏഷ്യന്‍ പശ്ചാത്തലങ്ങള്‍ വരെ നീളുന്ന ഈ കഥാപരിസരം വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. ഈ പരുക്കന്‍ ദൃശ്യങ്ങള്‍ക്കും ഹൈ-വോള്‍ട്ടേജ് ആക്ഷനും അപ്പുറം, ശക്തമായ കഥപറച്ചിലിനും മികച്ച പ്രകടനങ്ങള്‍ക്കും സിനിമ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ടീസര്‍ സൂചിപ്പിക്കുന്നു.
കൊടുങ്കാറ്റുപോല്‍ വീശിയടിക്കുന്ന ടീസറിന്റെ കേന്ദ്രബിന്ദു റോക്കിംഗ് സ്റ്റാര്‍ യഷ് തന്നെയാണ്. തന്നെത്തന്നെ പൂര്‍ണ്ണമായും ഉടച്ചുവാര്‍ത്തുകൊണ്ടുള്ള യഷിന്റെ വേഷപ്പകര്‍ച്ച അവിശ്വസനീയമാണ്. മെലിഞ്ഞ് ചുറുചുറുക്കുള്ള രൂപം മുതല്‍ കരുത്തുറ്റ പരുക്കന്‍ ലുക്കുകള്‍ വരെ നീളുന്ന യഷിന്റെ ശാരീരിക മാറ്റം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ തെളിവാണ്.
എന്നാല്‍ ഈ മാറ്റം വെറും ബാഹ്യരൂപത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ശരീരഭാഷയിലും മാനറിസങ്ങളിലും കൊണ്ടുവന്നിട്ടുള്ള കൃത്യതയിലൂടെ, തന്റെ മുന്‍കാല കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അഭിനയ വിസ്മയമാണ് യഷ് വാഗ്ദാനം ചെയ്യുന്നത്. സൂപ്പര്‍സ്റ്റാറിന്റെ കരിയറിലെ തികച്ചും ബോള്‍ഡ് ആയ ഒരു പുതിയ അധ്യായമായിരിക്കും ഈ ചിത്രം.
' It's gonna to get crazyyyy' എന്ന മുന്നറിയിപ്പോടെയാണ് ടീസര്‍ പുറത്തിറങ്ങിയത്. ടീസറിലെ ബ്രഹ്മാണ്ഡമായ സ്‌കെയിലും ശക്തമായ പശ്ചാത്തലവും കാണുമ്പോള്‍, 2026 മാര്‍ച്ച് 19-ന് 'ടോക്‌സിക്' ലോകം ആ വാഗ്ദാനം നിറവേറ്റുമെന്ന് ഉറപ്പാണ്.
കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ടീസര്‍ ലഭ്യമാണ്.
യഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തിരക്കഥയെഴുതി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്: എ ഫെയറിടെയ്ല്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്' (Toxic: A Fairytale for Grown-Ups) കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളില്‍ ഡബ്ബ് ചെയ്ത് ആഗോളതലത്തില്‍ ചിത്രം റിലീസ് ചെയ്യും. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട്ട് കെ നാരായണയും യഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'Toxic' 2026 മാര്‍ച്ച് 19-ന് തിയേറ്ററുകളിലെത്തും.