കാന്‍സറിനോട് പൊരുതി ജീവിതം തിരിച്ചുപിടിച്ചിരിക്കുകയാണ് ചലച്ചിത്ര നിര്‍മ്മാതാവും ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയുമായ താഹിറ കശ്യപ്. തന്റെ ഭാര്യക്ക് കാന്‍സര്‍ ആണെന്ന വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. അന്ന് മുതല്‍ തന്റെ ചികിത്സ സംബന്ധിച്ച എല്ലാ വിവരങ്ങളും താഹിറ കശ്യപ് ആരാധകരെ അറിയിക്കുന്നുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ വാര്‍ത്തയാണ് തന്നെ കളിയാക്കിയവര്‍ക്കായിട്ടുള്ള താഹിറയുടെ പോസ്റ്റ്. 'സമൂഹ മാധ്യമങ്ങളില്‍ പരിഹസിക്കുന്നവര്‍ക്ക് ഇഷ്ടം പോലെ സമയമുണ്ട്. അവര്‍ കളിയാക്കലുകള്‍ തുടരട്ടെ. മോശമായ എന്തെങ്കിലും പറയുന്നതു കേട്ടാല്‍ സങ്കടപ്പെടുന്ന കാലമൊക്കെ ഞാന്‍ പിന്നിട്ടു.
അവയൊക്കെ നേരിടാന്‍ എനിക്കറിയാം. കമന്റുകളെല്ലാം രസകരം തന്നെ. ഞാനവ ആസ്വദിക്കുന്നു' താഹിറ കുറിച്ചു. കാന്‍സര്‍ രോഗബാധിതര്‍ക്കിടയില്‍ താഹിറ കശ്യപ് ഖുറാന എന്നത് അതിജീവനത്തിന്റെ പ്രചോദന വാക്കാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് താഹിറ തന്നെ നോക്കിയും തന്നെ കളിയാക്കുന്നവരെ നോക്കിയും ചിരിക്കുകയാണിപ്പോള്‍. 2018-ലാണ് താഹിറയ്ക്ക് സ്താനാര്‍ബുദം സ്ഥിതീകരിക്കുന്നത്. കീമോകള്‍ക്കുശേഷം മുടിനഷ്ടമായി ചെറിയ മുടിയുമായി പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ട താഹിറ നേരിട്ടത് പരിഹാസ വാക്കുകളായിരുന്നു.
ആയുഷ്മാന്റെ പുതിയ ചിത്രം ആര്‍ട്ടിക്കിള്‍ 15 ന്റെ ആദ്യ പ്രദര്‍ശനത്തോടനുബന്ധിച്ച് രണ്ടു പേരും ഒരുമിച്ചു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതു കണ്ടപ്പോഴാണ് 'ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയായ താഹിറയെ കണ്ടാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരിയാണെന്നേ തോന്നും'എന്ന വേദനിപ്പിക്കുന്ന കമന്റ് താഹിറയ്ക്ക് കേള്‍ക്കേണ്ടിവന്നത്. പക്ഷേ, വിമര്‍ശിച്ചും പരിഹസിച്ചുമുള്ള കമന്റുകളും തനിക്കിഷ്ടമാണെന്നും അവയൊന്നും തന്നെ തളര്‍ത്താന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ് അവര്‍. രോഗത്തെ അതിജീവിച്ചതുപോലെ കളിയാക്കലുകളെയും താന്‍ നേരിടുമെന്നും തനിക്കതിനുള്ള കരുത്തും പിന്തുണയുമുണ്ടെന്നും താഹിറ തന്റെ പോസ്റ്റുകളിലൂടെ വ്യക്തമാക്കുന്നു. ലോക കാന്‍സര്‍ ദിനത്തില്‍ സ്തനാര്‍ബുദം നീക്കിയതിന്റെ പാടു വ്യക്തമാക്കുന്ന അര്‍ധനഗ്ന ചിത്രം പങ്കുവച്ചതും സമുഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.
ആയുഷ്മാനുമായി പിരിഞ്ഞാലോ എന്നു പലവട്ടം ആലോചിച്ച കാലമുണ്ടായിരുന്നു. എന്നാല്‍ എനിക്ക് കാന്‍സര്‍ ആണെന്നറിഞ്ഞപ്പോള്‍ മുതല്‍ എനിക്ക് താങ്ങായ് എന്റെയൊപ്പം അദ്ദേഹം ഉണ്ടായിരുന്നു. മറുപടി പറഞ്ഞും കമന്റ് എഴുതിയും എന്തിനാണ് ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കുന്നത്?' ആയുഷ്മാന്‍ എന്നോടു ചോദിക്കുന്നു. എപ്പോഴും തന്നെ സംരക്ഷിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊള്ളുന്നതെന്നും താഹിറ പറയുന്നു. ഭാര്യയ്ക്ക് നേരിടേണ്ടിവന്ന കളിയാക്കലുകളെക്കുറിച്ച് ആയുഷ്മാന്റെ നിലപാട് എന്താണെന്ന ചോദ്യത്തിലും താഹിറയ്ക്ക് മറുപടിയുണ്ട്. പല കമന്റുകള്‍ക്കും ഞാന്‍ മറുപടി പറയേണ്ടതുപോലുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ചെറിയ മുടിയെക്കുറിച്ചു പറയുകയാണെങ്കില്‍ അത് എനിക്ക് ഏറെയിഷ്ടമാണ്. ഇതിനോടകം ആറുതവണ ഞാന്‍ മുടി മുറിച്ചു. നീളമുള്ള മുടി വേണ്ടെന്നുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അതോടൊപ്പം ഈ പ്രശ്‌നത്തില്‍ ജനങ്ങളുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമുണ്ട്, അതായത് സൗന്ദര്യ സങ്കല്‍പങ്ങള്‍. ഒരു യുവതി എങ്ങനെയായിരിക്കണം എന്ന വിചാരം. നീളമുള്ള മുടിയുണ്ടെങ്കിലേ സുന്ദരിയാകൂ എന്നാണ് പലരുടെയും വിചാരം. കാലങ്ങളായുള്ള സങ്കല്‍പം. അതൊക്കെ മാറേണ്ടിയിരിക്കുന്നു. നീളമുള്ള മുടിയില്ലെങ്കിലും സൗന്ദര്യം നഷ്ടമാകില്ല. എനിക്കെങ്കിലും അതു തെളിയിക്കണം- താഹിറ പറയിന്നു.
നര്‍മബോധം കൊണ്ടാണ് വിഷമകരമായ പല സാഹചര്യങ്ങളെയും ഞാന്‍ നേരിടുന്നത്. എനിക്കു രോഗമായിരുന്നു. എന്റെ മുടിയെല്ലാം പോയി. എന്നൊക്കെ വിലപിക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. അവര്‍ക്ക് ബുദ്ധിയുണ്ടെങ്കില്‍ അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കും. അല്ലെങ്കില്‍ വേണ്ട. എന്നെ കളിയാക്കാന്‍ വന്നവരെ ഞാന്‍ ധീരമായി നേരിടുകയാണുണ്ടായത്. അവസാനം ചിരിച്ചത് ഞാന്‍ തന്നെ ചോദിക്കുന്നവര്‍ ചോദിക്കട്ടെ ചെറുചിരിയോടെ മറുപടിനല്‍കാന്‍ താന്‍ തയാറാണ്. -താഹിറ വ്യക്തമാക്കി.