മോഹന്‍ലാല്‍ നായകനായ ബ്ലോക്ക്ബസ്റ്റര്‍ സിനിമ 'ലൂസിഫറി'ന്റെ തെലുങ്ക് റീമേക്ക് 'ഗോഡ്ഫാദര്‍' റിലീസിനൊരുങ്ങുകയാണ്. ചിരഞ്ജീവി പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ട്രെയ്ലറും മറ്റ് അപ്‌ഡേറ്റുകളുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ ലൂസിഫറിനെക്കുറിച്ച് ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.ലൂസിഫര്‍ തനിക്ക് പൂര്‍ണ്ണ തൃപ്തി തന്നില്ല എന്നും തങ്ങള്‍ അത് അപ്‌ഗ്രേഡ് ചെയ്തു കൂടുതല്‍ ആകര്‍ഷകമാക്കിയെന്നും ചിരഞ്ജീവി പറയുന്നു. ഗോഡ്ഫാദര്‍ പ്രേക്ഷകര്‍ക്ക് തൃപ്തി നല്‍കുമെന്നും സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടയില്‍ നടന്‍ അഭിപ്രായപ്പെട്ടു.എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മലയാള സിനിമാപ്രേക്ഷകര്‍.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്ലര്‍ വൈറലായിരുന്നു. സിനിമയിലെ ചില രംഗങ്ങളും ലൂസിഫറിലെ രംഗങ്ങളും തമ്മില്‍ സിനിമാപ്രേമികള്‍ താരതമ്യം ചെയ്തിരുന്നു. ലൂസിഫറിലെ മോഹന്‍ലാലിന്റെ കാല് കൊണ്ടുള്ള മാസ് കിക്ക് സീനും അതേ ചിരഞ്ജീവിയുടെ സീനും തമ്മില്‍ താരതമ്യം ചെയ്തുള്ള ട്രോളുകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.കിക്ക് സീന്‍ മോഹന്‍ലാലിന്റെ അത്രയും പെര്‍ഫക്ടായി ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പ്രതികരിച്ചത്. 'ചെലരുടേത് ശരി ആകും എന്റെ എന്തായാലും ശരി ആയില്ല', 'മെയ് വഴക്കം അങ്ങിനെ ഇങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ, നമിക്കുന്നു ലാലേട്ടന്‍', 'തെലുങ്ക് ലൂസിഫര്‍ എടുക്കാന്‍ ഉപയോഗിച്ച പൈസ ഉണ്ടെങ്കില്‍ മൂന്ന് ലൂസിഫര്‍ എങ്കിലും ഇതിലും നന്നായി പ്രിഥ്വി ചെയ്യുമായിരുന്നു' എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍. മാത്രമല്ല പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ എത്തിയ സല്‍മാന്‍ ഖാനും ട്രോളുകള്‍ ഏറ്റുവാങ്ങി.
അതേസമയം, ഗോഡ്ഫാദറിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ളിക്‌സാണ്. വലിയ തുകയ്ക്കാണ് നെറ്റ്ഫ്ളിക്‌സ് ചിത്രം സ്വന്തമാക്കിയതെന്നാണ് വിവരം. ലൂസിഫറിന്റെ സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈമിനായിരുന്നു. മോഹന്‍രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത്.
മലയാള ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.