രജനികാന്ത് - മമ്മൂട്ടി കോമ്പോയില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ദളപതി 33 വര്‍ഷത്തിന് ശേഷം റീറിലീസിന് ഒരുങ്ങുന്നു. രജനികാന്ത് നായകനായ ജെയ്‌ലര്‍ കേരളത്തിലെ തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോഴാണ് ദളപതിയുടെ റീറിലീസ്. 4കെ പ്രൊജക്ഷനിലാണ് ദളപതി എത്തുക. 1991ല്‍ റിലീസ് ചെയ്ത ചിത്രം 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തിരശീലയിലെത്തുന്നത്.
മണിരത്‌നം സംവിധാനം ചെയ്ത ദളപതി പുരാണ കഥാപാത്രങ്ങളായ കര്‍ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദത്തെ ആധാരമാക്കിയുള്ളതാണ്. സൂര്യയും ദേവരാജുമായി രജനികാന്തും മമ്മൂട്ടിയും എത്തിയപ്പോള്‍ ദളപതി തിയേറ്ററുകളെ പൂരപറമ്പാക്കി മാറ്റി.
മൂന്ന് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ 'ദളപതി' അക്കാലത്തെ തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബിഗ്-ബഡ്ജറ്റ് ചിത്രമായിരുന്നു. ജി.വി ഫിലിംസിന്റെ ബാനറില്‍ ജി.വെങ്കിടേശ്വരനാണ് സിനിമ നിര്‍മ്മിച്ചത്. നവംബര്‍ 5ന് ദീപാവലി റിലീസായി എത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. പതിവ് രജനി ചിത്രങ്ങളുടെ മസാലകളൊന്നും ഇല്ലാതെ മണിരത്‌നം ശൈലിയില്‍ ഒരുക്കിയ ദളപതി പിന്നീട് രജനിയുടെ കരിയറിലെ നാഴികകല്ലായി മാറുകയായിരുന്നു.
അരവിന്ദ് സ്വാമി, ശ്രീവിദ്യ, ഭാനുപ്രിയ, ശോഭന, ഗീത, നാഗേഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഇളയരാജയാണ് ദളപതിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവനും.