Latest News

പൂര്‍ണ്ണതയ്ക്കുവേണ്ടി ഏറെനാളായി കാത്തിരിക്കുന്നു; ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു; ഗോള്‍ഡ് ഡിസംബറില്‍ റിലീസിനെത്തുമെന്ന് ബാബുരാജ്; പൃഥിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന്റെ റീലിസ് വിശേഷവുമായി താരം

Malayalilife
 പൂര്‍ണ്ണതയ്ക്കുവേണ്ടി ഏറെനാളായി കാത്തിരിക്കുന്നു; ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു; ഗോള്‍ഡ് ഡിസംബറില്‍ റിലീസിനെത്തുമെന്ന് ബാബുരാജ്; പൃഥിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന്റെ റീലിസ് വിശേഷവുമായി താരം

പ്രേമമെന്ന വന്‍ ഹിറ്റ്  ചിത്രത്തിന്റെ വിജയത്തിനിപ്പുറം  ഒരു നീണ്ട ഇടവേളയെടുത്താണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഗോള്‍ഡ് എന്ന പുതിയ ചിത്രം ഒരുക്കുന്നത്. മലയാളികളുടെ പ്രിയ താരങ്ങളായ  പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. എന്നാല്‍ സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ബാബുരാജ്. 

ചിത്രത്തിന്റെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നും  സിനിമ ഡിസംബറില്‍ റിലീസ് ചെയ്യുമെന്നുമാണ് ബാബുരാജ് അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ബാബുരാജ് വിവരങ്ങള്‍ പങ്കുവച്ചത്. ഗോള്‍ഡ്.. പൂര്‍ണ്ണതയ്ക്കുവേണ്ടി ഏറെനാളായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. അല്‍ഫോന്‍സ് പുത്രനും സംഘത്തിനും അഭിനന്ദനങ്ങള്‍. ഡിസംബര്‍ റിലീസ്, ഗോള്‍ഡിന്റെ ലൊക്കേഷനില്‍ നിന്ന് പൃഥവിരാജിനൊപ്പമുള്ള തന്റെ ചിത്രത്തിനൊപ്പം ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന്റെ അണിയറക്കാരില്‍ ഒരാളില്‍ നിന്നും ആദ്യമായാണ് ഇത്തരതതില്‍ ഒരു അപ്‌ഡേഷന്‍ എത്തുന്നത് എന്നതിനാല്‍ വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഇതിനെ സ്വീകരിച്ചിരിക്കുന്നത്. 

നേരത്തെ, ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാതിരുന്നതാണ് റിലീസ് വൈകാന്‍ കാരണമായതെന്നാണ് പുറത്ത് വന്ന വിവരങ്ങള്‍.

അതേസമയം, ചിത്രത്തിന്റെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റു പോയതെന്ന വിവരവും പുറത്തുവന്നിരുന്നു. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒടിടി അവകാശം നേടിയത്.. സിനിമയ്ക്ക് 30 കോടിയ്ക്ക് മുകളില്‍ പ്രീ റിലീസ് ബിസിനസ് ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു . ഇതിനെ സംബന്ധിച്ച്  ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. 

ചിത്രത്തിന്റെ തമിഴ്, കന്നഡ, ഓവര്‍സീസ് വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയതെന്നും പറയപ്പെടുന്നു. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് സിനിമയുടെ ഓവര്‍സീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സൂര്യ ടിവിയ്ക്കാണ് സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്. പ്രേമത്തെക്കാള്‍ വലിയൊരു ഹിറ്റ് ആയിരിക്കും ഗോള്‍ഡ് എന്നാണ് ആരാധകരുടെ പ്രതീക്ഷ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.

ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ പൃഥ്വിയുടെ അമ്മയായി കഥാപാത്രത്തിലെത്തുന്നത് മല്ലിക സുകുമാരനാണ്. വിനയ് ഫോര്‍ട്ട്, അജ്മല്‍ അമീര്‍, അബു സലീം, സൈജു കുറുപ്പ്, ശബരീഷ്, കൃഷ്ണ ശങ്കര്‍, ദീപ്തി സതി, ശാന്തികൃഷ്ണ, ജഗദീഷ്, സാബുമോന്‍, ഇടവേള ബാബു, പ്രേംകുമാര്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, ചെമ്പന്‍ വിനോദ്, റോഷന്‍ മാത്യു, ബാബുരാജ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുടനീളം അണിനിരക്കുന്നുണ്ട്. സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വല്‍ ഇഫക്റ്റ്‌സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ അല്‍ഫോന്‍സ് തന്നെയാണ് ചിത്രത്തില്‍ നിര്‍വഹിക്കുന്നത്. ആനന്ദ് സി. ചന്ദ്രനും വിശ്വജിത് ഒടുക്കത്തിലുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകര്‍. ചിത്രത്തിന് സംഗീതം നല്‍കിയത് രാദേഷ് മുരുകേശന്‍ ആണ്.

 

gold theatres on decembeR

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES