പുത്തൻ ബി എം ഡബ്ല്യൂ വാങ്ങിയ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. തന്റെ കുടുംബത്തിലേക്ക് പുതിയ ഒരാൾ കൂടി എത്തിയിരിക്കുകയാണെന്നും അതിൽ താൻ അതീവ സന്തോഷവാനാണെന്നും പറഞ്ഞിരിക്കുകയാണ് സംഗീത സംവിധായകൻ. ബി എം ഡബ്ല്യുവിന്റെ ഏറ്റവും പുതിയ മോഡലാണ് എക്‌സ് 7. ഇന്ത്യയിലെ ആദ്യത്തെ ബി എം ഡബ്ല്യു എക്‌സ് 7ഉപഭോക്താവ് എന്ന വിശേഷണം ഇനി സംഗീതസംവിധായകൻ ഗോപി സുന്ദറിനു സ്വന്തമായിരിക്കും. 98 ലക്ഷം രൂപയ്ക്ക് മുകളിൽ ആണ് ഈ ആഡംബര കാറിന്റെ എക്‌സ് ഷോറൂം വില വരുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലർഷിപ്പിൽ നിന്നും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയിക്ക് ഒപ്പമെത്തിയാണ് ഗോപി സുന്ദർ പുതിയ എക്‌സ് 7 സ്വന്തമാക്കിയത്. വാഹനത്തിന് സമീപം ഇരുവരും നിൽക്കുന്ന ചിത്രമാണ് ഗോപി സുന്ദർ ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്.
തിരക്കേറിയ സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. മലയാളത്തിനു പുറമെ മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും ഏറെ ശ്രദ്ധ നേടിയ സംഗീതസംവിധായകൻ കൂടിയാണ് അദ്ദേഹം. 1983 എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് ഗോപി സുന്ദറിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു. എൻസമ്പിൾ എന്നൊരു ബാൻഡിന് അടുത്തിടെ തുടക്കം കുറിച്ചിരുന്നു. സംഗീതലോകത്ത് അവസരം കാത്തിരിക്കുന്ന ഒരുപാട് യുവഗായകർക്ക് വളർന്നുവരാനുള്ള ഒരു പ്ലാറ്റ് ഫോം കൂടിയായി ബാൻഡിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ ബാൻഡ് ആരംഭിക്കുന്നതെന്നും ഗോപി സുന്ദർ വ്യക്തമാക്കിയിരുന്നു.