അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞ് എപ്പാഴും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ഹരീഷ് പേരടി. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെല്ലാം താരം അഭിപ്രായങ്ങള്‍ തുറന്നുപറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോളിതാ മൂത്ത മകന്‍ വിഷ്ണു പേരടിയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് അദ്ദേഹം പങ്ക് വച്ചിരിക്കുന്നത്.
നാരാണയന്‍കുട്ടി ഉഷ ദമ്പതികളുടെ മകളായ നയനയെ ആണ് വിഷ്ണു വിവാഹം കഴിക്കുന്നത്. കലൂര്‍ ഐഎംഎ ഹാളില്‍ വച്ച് നടന്ന അതിഗംഭീരമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. കംപ്യൂട്ടര്‍ എന്‍ജിനീയറിങ് പൂര്‍ത്തിയായവരാണ് വിഷ്ണുവും നയനയും.
ബിടെക്കിന് പഠനം ഒരുമിച്ചായിരുന്നു. ആ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ബിടെക്കിനു ശേഷം യുകെയില്‍ നിന്നും വിഷ്ണു മാസ്റ്റര്‍ ബിരുദം നേടി. യൂണിപ്രോ എന്ന കമ്പനിയിലാണ് വിഷ്ണു ഇപ്പോള്‍. നയനും യുകെയില്‍ നിന്നാണ് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
അടുത്ത വര്‍ഷം മെയ് 27ന് എറണാകുളം ഭാസ്‌കരീയം ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി വിരുന്നും ഉണ്ടാകും. സോഷ്യല്‍ മീഡിയയിലൂടെ മകന്റെ വിവാഹനിശ്ചയ വിവരം ഹരീഷ് പേരടി നേരത്തെ അറിയിച്ചിരുന്നു. ഭാര്യ ബിന്ദുവും രണ്ട് ആണ്‍മക്കളുമുള്ള കുടുംബത്തിലേക്ക് അഞ്ചാമതായി പുതിയൊരു അതിഥി കൂടി എത്തുകയാണെന്നാണ് നടന്‍ പറഞ്ഞത്.
ഇതിനെട വിവാഹ നിശ്ചയ തലേന്നുള്ള വീഡിയോ അദ്ദേഹം പങ്ക് വച്ചതും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരുന്നു.മദ്യപാന സദസ്സിന്റെ വീഡിയോയാണ് സംഭവം. താരത്തിന്റെ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. വിജയിയുടെ രഞ്ജിതമേ എന്ന ഗാനത്തിന് മദ്യം പിടിച്ച് ഡാന്‍സ് ചെയ്യുന്ന ഹരീഷിനെയാണ് വീഡിയോയില്‍ കാണുന്നത്.
സ്വന്തം മകന്റെ വിവാഹ നിശ്ഛയ തലേന്ന് സദാചാര വിരുദ്ധനായ ഒരു തന്തക്ക് ഇതില്‍ അപ്പുറം ഒന്നും ചെയ്യാനില്ല..കൈയിലെ മദ്യം ഒരു തുള്ളി പോലും കളയാതെ ഞാന്‍ എത്ര സമര്‍ഥമായാണ് നൃത്തം കളിക്കുന്നത്..അഭിനന്ദിക്കു സുഹൃത്തുക്കളെ ...രഞ്ചിതമേ..രഞ്ചിതമേ... എന്നു പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചത്.
ഏറെ നാളെത്തെ പ്രണയത്തിനൊടുവില്‍ നൃത്താധ്യാപികയായ ബിന്ദുവിനെയാണ് ഹരീഷ് വിവാഹം കഴിച്ചത്. പ്രണയിച്ച് വിവാഹം കഴിച്ചതില്‍ അഭിമാനിക്കുന്നയാളാണ് താനെന്ന് മുന്‍പ് പലപ്പോഴും ഹരീഷ് പേരടി പറഞ്ഞിട്ടുണ്ട്.
2008ല്‍ പ്രദര്‍ശനത്തിനെത്തിയ ബാലചന്ദ്രമേനോന്‍ ചിത്രം 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങല്‍ ചെയ്തു. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ലെഫറ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ കൈതേരി സഹദേവന്‍ ഹരീഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.