സിനിമയ്ക്ക് വേണ്ടി മേക്ക് ഓവർ നടത്തുന്ന താരങ്ങൾ ഒരുപാടുണ്ട്. ആരാധകരിൽ പലരും അത് അനുകരിക്കാറുമുണ്ട്. എന്നാൽ മേക്ക് ഓവറുകളിൽ നിന്ന് മാറി നിൽക്കുന്ന കൂട്ടത്തിലാണ് ജയറാം. പഞ്ചവർണതത്തയിലായിരുന്നു അവസാനമായി വ്യത്യസ്തമായ ലുക്കിൽ താരം വന്നത്. പക്ഷേ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ താരം പുറത്തു വിട്ട ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം. തടിയൊക്കെ കുറച്ച് മസിൽമാനായി ചുള്ളൻ പയ്യനെ പോലെയാണ് ഇപ്പോൾ ജയറാം എത്തിയിരിക്കുന്നത്. തലമുടി ട്രിം ചെയ്ത് കറുത്ത ടി ഷർട്ടിലാണ് പുതിയ ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം പട്ടാഭിരാമനിൽ ജയറാമിന്റെ കഥാപാത്രത്തിനു ലേശം വണ്ണമുണ്ട് എന്നാൽ അതൊക്കെ എവിടെ പോയെന്നാണ് ആരാധകർ ചോദിക്കുന്നത്.
എന്തായാലും ആരാധകർ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. പ്രായമൊക്ക കുറഞ്ഞല്ലോ എന്നും മെലിഞ്ഞ് സുന്ദരനായല്ലോ എന്നുമാണ് കമന്റുകൾ്. തെലുങ്ക് താരം അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ പുതിയ മേക്ക്ഓവർ. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന എ എ 19 എന്ന അല്ലു അർജുൻ ചിത്രത്തിലാണ് ജയറാം ഇനി അഭിനയിക്കന്നത്. താരത്തിന്റെ അച്ഛനായാണ് ജയറാം വേഷമിടുന്നത്. ചിത്രം കണ്ടിട്ട് അല്ലു അർജുന്റെ മകനായിട്ടാണോ എന്നാണ് ആരാധകരുടെ ചോദ്യം. ചിത്രം ഫെയ്‌സ് ബുക്കിലൂടെ പങ്ക് വെച്ച സംവിധായകൻ ഒമർ ലുലു 'ഇനി ഫ്രീക്കന്മാരെല്ലാം ഒരു സ്റ്റെപ്പ് അകലം പാലിച്ചോ ജയറാം ഏട്ടൻ ഓൺ ഫയർ എന്നാണ്.
അല്ലു അർജുന്റെ അമ്മവേഷത്തിലെത്തുന്നത് തബുവാണ്. കാലങ്ങൾക്ക് ശേഷം തബു ദക്ഷിണേന്ത്യൻ സിനിമാരംഗത്തേക്ക് കടന്ന് വരുന്നത് ഈ ചിത്രത്തിലൂടെയാണ്. ചിത്രത്തിൽ അല്ലു അർജുന്റെ നായികയാകുന്നത് പൂജ ഹെഗ്ഡെയാണ്. സത്യരാജ്, കാജൽ അഗർവാൾ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പി എസ് വിനോദ് ആണ് ഛായാഗ്രഹണം. എസ് തമനാണ് സംഗീതം. എസ് രാധാകൃഷ്ണയും അല്ലു അരവിന്ദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം പുറത്തിറങ്ങും.