മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര എന്ന മലയാളത്തിന്റെ സ്വന്തം വാനമ്പാടി. ഗുരുവായൂരപ്പന്റെ സ്വന്തം ആളാണെന്നാണ് താന്‍ എന്ന് കെഎസ് ചിത്ര പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. അത്രയാണ് കൃഷ്ണനോട് ചിത്രയ്ക്കുള്ള ആരാധന. ഇപ്പോള്‍ ഗുരുവായൂരില്‍ ആദ്യമായി ജന്‍മാഷ്ടമി തൊഴുതതിന്റെ സന്തോഷത്തിലാണ് ചിത്ര.
മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ഗായികയാണ് കെ എസ് ചിത്ര. മലയാളത്തിന്റെ സ്വന്തം വാനമ്പാടി എന്നാണ് ചിത്രയെ വിശേഷിപ്പിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടി കെഎസ് ചിത്രയുടെ ജീവിതത്തിലേക്ക് മകള്‍ നന്ദന എത്തുന്നത്. നന്ദനം സിനിമയിലെ കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടിലെന്ന ഗാനം പാടിയതിന് ശേഷമാണ് ചിത്ര ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ഇതിനാല്‍ തന്നെ നന്ദനയെന്നാണ് മകള്‍ക്ക് പേരിട്ടത്.
എന്നാല്‍ ചിത്രയുടെ ആ സന്തോഷത്തിന് അധികനാള്‍ ആയുസ്സുണ്ടായിരുന്നില്ല. 2011 ലെ ഒരു വിഷു നാളില്‍ ആ കുഞ്ഞിനെ വിധി തട്ടിയെടുത്തു. 2011 ലെ വിഷു നാളിലായിരുന്നു മകള്‍ നന്ദന യാത്രയായത്. ഇപ്പോഴും മകള്‍ നന്ദനയുടെ ഓര്‍മകളിലാണ് ജീവിതതെങ്കിലും ഗുരുവായൂരപ്പനെ നെഞ്ചോട് ചേര്‍ത്താണ് ചിത്രയുടെ ജീവിതം. ഇപ്പോള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗുരുവായൂരപ്പന്‍ തന്റെ ജീവിതത്തെ സ്വാധീനിച്ചത് എങ്ങനെയെന്ന് ചിത്ര വെളിപ്പെടുത്തുകയാണ്.
നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തിയ മകളുടെ വേര്‍പാട് ചിത്രക്ക് താങ്ങാനാകുന്നതായിരുന്നില്ല. ഇനി പാടാന്‍ കഴിയില്ല എന്നു പോലും ഒരു വേള ചിത്ര പറഞ്ഞിരുന്നു. നന്ദനയെ നഷ്ടപ്പെട്ട ശേഷം ഒരു പരിപാടിയ്ക്ക് തൃശൂരിലെത്തിയപ്പോള്‍ അവര്‍ താമസ സൗകര്യം ഒരുക്കിയത് ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപമുളള സ്ഥലത്തായിരുന്നു. അന്നത്തെ ജീവിത അവസ്ഥ വല്ലാത്തതായിരുന്നു. എന്നാല്‍ ഗുരുവായൂരപ്പനെ കണ്ട് ഇറങ്ങിയതോടെ കിട്ടിയത് പുതിയ ജീവിതവും മനസ്സും ആയിരുന്നു എന്ന് ചിത്ര പറയുന്നു.
പിന്നീട് ഗുരുവായൂരില്‍ താമസിക്കാന്‍ ഒരു ഫല്‍റ്റും വാങ്ങി. ജീവിതം കൈവിട്ടുപോകുമെന്നു തോന്നിച്ച സമയത്തു കൈപിടിച്ചുയര്‍ത്തിയത് ഗുരുവായൂരപ്പന്റെ നിറഞ്ഞ സ്നേഹമാണെന്ന് ചിത്ര പറയുന്നു. കളഭം തരാം എന്ന പാട്ടു പാടി പുറത്തു വന്നപ്പോള്‍ ഗിരീഷ് പുത്തഞ്ചേരി പറഞ്ഞത് ചിത്രയുടെ പാട്ടുകേട്ട് ഗുരുവായൂരപ്പന്‍ മോഹിച്ചുകാണുമെന്നും പറഞ്ഞ് മോഹിപ്പിച്ചാല്‍ പോരാ കളഭം ചാര്‍ത്തി കൊടുക്കുക തന്നെ ചെയ്യണമെന്നുമാണ്. സത്യത്തില്‍ അതു ഭഗവാന്‍ തന്നോടു പറഞ്ഞതുതന്നെയായിരിക്കണം.
പിന്നീടു ചിത്ര ഗുരുവായൂരില്‍ കളഭച്ചാര്‍ത്തു നടത്തുകയും ചെയ്തു. ഗുരുവായൂരമ്പലത്തില്‍ തൊഴാന്‍ പ്രത്യേക സൗകര്യങ്ങള്‍ അധികൃതര്‍ ചെയ്തുതരാറുണ്ടെങ്കിലും സാധാരണക്കാര്‍ ക്യുവില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് തൊഴുതുമാറാറുണ്ടെന്നും ചിത്ര കൂ്ട്ടിച്ചേര്‍ക്കുന്നു.