ലോക്ഡൗണ്‍ കാലത്ത് ഷൂട്ടിങ്ങുകളൊക്കെ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു എന്നാലിപ്പോള്‍ സിനിമാമേഖലയൊക്കെ പഴയ കരുത്ത് വീണ്ടെടുത്തിരിക്കയാണ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി' യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കങ്കണയാണ്.
ചിത്രത്തിനായി വന്‍ മേക്കോവറാണ് കങ്കണ വരുത്തിയിരിക്കുന്നത്. ഇതിനായി താരം 20 കിലോ ശരീരഭാരമാണ് കങ്കണ കൂട്ടിയിരിക്കുന്നത്. ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്‌ബോള്‍ പഴയ ലുക്കിലേക്ക് തിരികെ പോവാനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് പറയുകയാണ് കങ്കണയിപ്പോള്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം ശരീരത്തിലെ മാറ്റങ്ങളെക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്. ഇതിനു മുന്‍പ് നേരത്തെ ഉണര്‍ന്ന് വ്യായാമം ശീലമാക്കേണ്ടതുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം പറയുന്നത്.
തലൈവിയ്ക്കായി മേക്ക് ഓവര്‍ നടത്തുന്നതിനു മുന്‍പുള്ള തന്റെ ഒരു ചിത്രവും കങ്കണ പങ്കുവക്കുന്നുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളും അടുത്തിടെ സമൂഹമാദ്ധ്യമങ്ങളുടെ ചര്‍ച്ച ആയിരുന്നു . ഏഴുമാസങ്ങള്‍ക്കു ശേഷം ഷൂട്ടിംഗ് തുടങ്ങുന്ന സന്തോഷം പങ്കുവച്ചുകൊണ്ടുള്ള കങ്കണ റണാവത്തിന്റെ ട്വീറ്റും അടുത്തിടെ ഉണ്ടായിരുന്നു. ചിത്രീകരണത്തിനായി സൗത്ത് ഇന്ത്യയിലേക്ക് വരികയാണ് താനെന്നും കൊവിഡ് മഹാമാരിയുടെ കാലത്ത് 'തലൈവി' വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ വേണമെന്നുമാണ് ട്വിറ്റര്‍ സന്ദേശത്തില്‍ കങ്കണ പറഞ്ഞത്.
തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ജീവചരിത്രസിനിമയില്‍ അഭിനയിക്കുന്നതിന് 24 കോടി രൂപയാണ് കങ്കണ പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'തലൈവി' എന്ന പേരില്‍ തമിഴിലും 'ജയ' എന്ന പേരില്‍ ഹിന്ദിയിലും ചിത്രം ഒരുങ്ങുന്നു.രണ്ടും സംവിധാനം ചെയ്യുന്നത് എ.എല്‍ വിജയ് ആണ്.