പ്രമുഖ സിനിമാ-സീരിയല്‍ താരം കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖബാധിതനായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാര്യവട്ടം ശശികുമാറിന്റെ മരണം. അറിയപ്പെടുന്ന പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്നു കാര്യവട്ടം ശശികുമാര്‍. മലയാളത്തില്‍ ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ദേവാസുരത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. 1989ലാണ് കാര്യവട്ടം ശശികുമാര്‍ ആദ്യമായി സിനിമയില്‍ എത്തുന്നത്. കെസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ക്രൈംബ്രാഞ്ച് ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
അന്തരിച്ച നടന്‍ കാര്യവട്ടം ശശികുമാറിന്റെ ഓര്‍മകള്‍ പങ്കുവച്ച് നടി സീമ.ജി.നായര്‍ എത്തിയിരുന്നു. താരത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്.
പ്രണാമം... സിനിമ സീരിയല്‍ നടനും പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശി ചേട്ടന്‍ അന്തരിച്ചു... പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു... എല്ലാവരോടും സ്‌നേഹമായി പെരുമാറിയിരുന്ന ആള്‍... ഞാന്‍ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിച്ചുകൊണ്ടിരുന്ന ആള്‍... ഏട്ടന് സുഖമില്ലയെന്നും പറഞ്ഞു മനോജിന്റെ ഫോണ്‍ വരുമ്പോള്‍ ഞാന്‍ കട്ടപ്പനയില്‍ ആണ്...ചേട്ടന്റെ ചികിത്സക്കുള്ള ഫണ്ട് സ്വരൂപിക്കാന്‍ ഉള്ള ശ്രമത്തില്‍ ആയിരുന്നു...അതിനു വേണ്ടി ഇന്നലെ തന്നെ പോസ്റ്റുകള്‍ പോയി തുടങ്ങിയിരുന്നു... ആരുടേയും സഹായത്തിനു കാത്തു നില്‍ക്കാതെ... ഒരുപാട് പേര്‍ക്ക് ഉപകാരിയായിരുന്ന ചേട്ടന്‍ യാത്രയായി...എന്ത് പറയാന്‍...ഒന്നുമില്ല പറയാന്‍...'.- സീമ കുറിച്ചതിങ്ങനെ.