എൺപതിന്റെ നിറവിലാണ് കുട്ടമത്ത് കുന്നിയൂർ മാരായണകുറുപ്പ് അഥവാ കേരളത്തിന്റെ സ്വന്തം കെ കെ എൻ. ലോകമറിയുന്ന ചരിത്രകാരൻ. മലബാറിനും വിശിഷ്ടമായ ഒരു ചരിത്രമുണ്ടെന്നും അത് ലോക പ്രശസ്തി അർഹിക്കുന്നതാണെന്നും തിരിച്ചറിഞ്ഞ് ആ ചരിത്രത്തെ രാജ്യാന്തര തലത്തിലേക്ക് മാറ്റി വരച്ചയാളാണ് കെ കെ എൻ. ഇപ്പോഴിതാ കാലങ്ങളായുള്ള തന്റെ അനുഭവങ്ങളും പിന്നിട്ട വഴികളും ഓർത്തെടുക്കുകയാണ് അദ്ദേഹം. വർഷങ്ങളായുള്ള തന്റെ ചരിത്ര ജീവിതം എന്തൊക്കെ പാഠങ്ങളാണ് പഠിപ്പിച്ചതെന്നും ഇനി എന്തെല്ലാം മാറ്റങ്ങളാണ് ചരിത്ര മേഖലയിൽ വരേണ്ടതെന്നും കെ കെ എൻ പറയുന്നു.
ചരിത്രപരമായ വസ്തുതകൾ സിനിമയ്ക്കുവേണ്ടി തെറ്റായി മാറ്റിയെഴുതാൻ പാടില്ലെന്നാണ്് അദ്ദേഹത്തിന്റെ നിലപാട്. ഇപ്പോൾ പുറത്തിറങ്ങുന്ന സിനിമകൾ അവരുടേതായ രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ചിത്രീകരിക്കുന്നത്. പഴശ്ശിരാജ എന്ന ചിത്രത്തിൽ പഴശ്ശി എന്ന വ്യക്തിയെ വ്യത്യസ്തനായ ഒരു മനുഷ്യനായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സിനിമയിൽ പറയുന്നത് പോലെ പഴശ്ശി ജന്മിയായ നാട്ടുപ്രമാണി ആയിരുന്നില്ല. മറിച്ച് അദ്ദേഹം ഒരു സാധാരണക്കാരനായിരുന്നു.
താടിയും മുടിയും നീട്ടി വളർത്തിയ ഇരുനിറക്കാരനും ഉയരം കുറഞ്ഞ ആളുമായിരുന്നു പഴശ്ശി. അദ്ദേഹത്തിന് കുതിര ഉണ്ടായിരുന്നില്ലെന്നും യുദ്ധം വന്നാൽ തന്റെ കൂട്ടുകാർ മരിക്കുമെന്നോർത്ത് കരഞ്ഞുവെന്നും കെ കെ എൻ പറയുന്നു. സിനിമയിൽ പറയുന്നത് പോലെ എതിരാളികളുമായുള്ള ഏറ്റു മുട്ടലിൽ അല്ല മറിച്ച് തന്റെ കയ്യിലെ തോക്ക് കൊണ്ട് സ്വയം വെടി വെച്ച് മരിക്കുകയായിരുന്നു പഴശ്ശി. പഴശ്ശിയെ സന്ദർശിച്ച ഫ്രഞ്ച്കാരനായ ഒരു പ്രസിഡന്റിനെക്കുറിച്ചുള്ള രേഖകളിൽനിന്നാണ് പഴശ്ശിരാജയുടെ രൂപത്തെക്കുറിച്ച് തനിക്ക് വിവരങ്ങൾ കിട്ടിയതെന്ന് കെ കെ എൻ പറയുന്നു.
മലബാർ മേഖലയിലെ ഗോത്രകലകൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. കഥകളിക്ക് ലഭിച്ച പോലത്തെ പിന്തുണ മലബാറിലെ ഒരു കലാരൂപത്തിനും ലഭിച്ചിട്ടില്ല. വള്ളത്തോൾ മുന്നിട്ടിറങ്ങിയതു കൊണ്ടു മാത്രമാണ് കഥകളിയേയും കഥകളി കലാകാരന്മാരെയും സമൂഹം അംഗീകരിച്ചത്. സമൂഹത്തിൽ വേണ്ടത്ര മാന്യതയോ ജീവിക്കാനുള്ള പണമോ തെയ്യം ഉൾപ്പെടെയുള്ള കലാരൂപങ്ങളിൽ നിന്നും കിട്ടുന്നില്ല.
അതു കൊണ്ടു തന്നെ മറ്റു ജോലികൾക്ക് പോകേണ്ട അവസ്ഥയാണ് ഈ കലാകാരന്മാർക്ക്. കണ്ണൂർ, കാസർകോട് ജില്ലകളിലെ പൂരക്കളിയെ രാജ്യാന്തരതലത്തിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കെ കെ എൻ. കൂടാതെ മലബാറിന് യുനസ്‌കോയുടെ 'അന്യം നിൽക്കുന്ന കലകളുടെ മേഖല' എന്ന പദവി ലഭിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ചരിത്രപഠനം കമ്മ്യൂണിസ്റ്റ് -കോൺഗ്രസ് ചരിത്രത്തിലേക്ക് ഒതുങ്ങുന്നുവെന്നും രാഷ്ട്രീയമാണ് ചരിത്ര പഠനത്തിന്റെ പേരിൽ നടക്കുന്നതെന്നും കെ കെ എൻ പറയുന്നു. സാധാരണക്കാരന്റെയും അവന്റെ സംസ്‌കാരത്തിന്റെയും വളർച്ചയെപ്പറ്റിയാണ് നമ്മൾ പഠിക്കേണ്ടതെന്നാണ് കെ കെ എൻ കുറുപ്പിന്റെ ആവശ്യം.
കെ കെ എൻ മഹാകവി കുട്ടമത്തിന്റെ പിന്മുറക്കാരനാണ്. കോഴിക്കോട് സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും മഅ്ദിൻ അക്കാദമി ഡയറക്ടർ ജനറലുമായ പ്രമുഖനായ ഒരു ചരിത്രപണ്ഡിതനും ഗവേഷകനുമാണ് അദ്ദേഹം. കെ കെ എൻ നെ കുറിച്ച് മകൾ എഴുതിയ പുസ്തകം ടൗൺ ഹാളിൽ നടക്കുന്ന സ്നേഹാദരം ചടങ്ങിൽ പ്രകാശനം ചെയ്യുന്നുണ്ട്. വിവിധ ഗവേഷകരും അദ്ധ്യാപകരും അദ്ദേഹത്തെ കുറിച്ച എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം. 'കെ കെ എൻ കുറുപ്പ്: എൺപതിന്റെ നിറവ്' എന്നാണ് പുസ്തകത്തിന്റെ പേര്.