മലയാളസിനിമയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രന്‍ ഇപ്പോള്‍ ഇസഹാക്ക് കുഞ്ചാക്കോ ബോബനാണ്.. ഒരു പക്ഷേ ചാക്കോച്ചന്റെ ജീവിതത്തിലേക്ക് 14 വര്‍ഷം കാത്തിരുന്നത് എത്തിയ അതിഥി ആയതുകൊണ്ടാകും മലയാളികളും ഇസുക്കുട്ടനെ നെഞ്ചോട് ചേര്‍ക്കുന്നത്. തന്റെ പ്രിയപ്പെട്ടവരുടെയും ആരാധകരുടെയും പ്രാര്‍ഥനയുടെ ഫലമാണ് ഇസഹാക്കെന്ന് ചാക്കോച്ചന്‍ തന്നെ മകന്റെ ജനനത്തിന് പിന്നാലെ പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്.
നിരവധി ചികിത്സകള്‍ക്കും കണ്ണീരിനും നേര്‍ച്ചകള്‍ക്കുമൊടുവിലാണ് ചാക്കോച്ചനും പ്രിയയും ഇസഹാക്ക് ജനിച്ചത്. നീണ്ട 14 വര്‍ഷം ചാക്കോച്ചന്‍-പ്രിയ ദമ്പതികള്‍ അനുഭവിച്ച ദുഖം അടുത്ത സുഹൃത്തുകള്‍ മാത്രമാണ് അറിഞ്ഞിരുന്നത്. ഇസഹാക്ക് ജനിച്ച ശേഷമാണ് ഒരു കുഞ്ഞിന് വേണ്ടി തങ്ങള്‍ സഹിച്ച ത്യാഗങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയത്. ആരാധകര്‍ക്ക് മകനോടുള്ള ഇഷ്ടം അറിയാവുന്നതിനാല്‍ തന്നെ ഇസുക്കുട്ടന്റെ എല്ലാ വിശേഷങ്ങളും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകന്‍ ഇഴഞ്ഞുനീങ്ങാന്‍ തുടങ്ങിയെന്നും നില്‍ക്കാന്‍ പഠിച്ചെന്നുമൊക്കെ ചിത്രങ്ങളിലൂടെ ചാക്കോച്ചന്‍ വ്യക്തമാക്കിയിരുന്നു.
ഈ ലോക്ഡൗണ്‍ കാലത്ത് മകനൊപ്പം ചിലവഴിക്കാന്‍ പറ്റുന്ന സന്തോഷത്തിലാണ് ഇപ്പോള്‍ ചാക്കോച്ചന്‍. മകനൊപ്പമുള്ള ചിത്രങ്ങളും കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ചാക്കോച്ചന്‍ പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇസുക്കുട്ടന് ഒരു വയസ് തികഞ്ഞത്. ഇപ്പോഴിതാ കുഞ്ഞിന്റെ പുതിയ ചിത്രങ്ങളും വീഡിയോയും പങ്കുവച്ച് എത്തിയിരിക്കയാണ് താരം. കുടുംബത്തൊടൊപ്പം ദിവസങ്ങള്‍ക്ക് മുമ്പ് മാരാരി ബീച്ച് റിസോര്‍ട്ടിലേക്ക് ഒരു യാത്ര ചാക്കോച്ചന്‍ നടത്തിയിരുന്നു. ഇവിടെനിന്നുമുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. ഇസക്കുട്ടനൊപ്പം ബീച്ചില്‍ കളിക്കുന്നതിന്റെയും മറ്റും ചിത്രങ്ങളായിരുന്നു ഇത്.
ചെറിയ ചുള്ളി കമ്പ് കൊണ്ട് മണലില്‍ കളിക്കുന്ന ഇസുവിന്റെ വിഡീയോയും ഉണ്ടായിരുന്നു. ഭൂമിയെ അറിയുന്നു എന്നായിരുന്നു താരം ഇതിന് പങ്കുവച്ച കുറിപ്പ്. ഇപ്പോള്‍ പുതിയൊരു ചിത്രം പങ്കുവച്ചിരിക്കയാണ് ചാക്കോച്ചന്‍. ചാക്കോച്ചന്റെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് അഭ്യാസം കാട്ടുന്ന കുഞ്ഞ് ഇസഹാക്കിന്റെ ചിത്രമാണ് ചാക്കോച്ചന്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. 'കരാട്ടേ കിഡ്' എന്ന തലക്കെട്ടോടെയാണ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. രാത്രി നെഞ്ചത്തിട്ട് ഒന്ന് കിട്ടിയപ്പോഴേ സംശയമുണ്ടാര്‍ന്ന് അല്ലെ?? എന്നാണ് ഒരാളുടെ കമന്റ്. സ്ട്രച്ചിങ്ങാണ് എന്ന കമന്റിന് എന്റെ ക്ഷമയാണ് അവന്‍ സ്ട്രച്ച് ചെയ്യുന്നതെന്നായിരുന്നു താരത്തിന്റെ രസകരമായ മറുപടി.