വിവാഹമോചിതരായ സ്ത്രീകളുടെ ജീവിതത്തെയും പുനര്‍വിവാഹത്തെയും കുറിച്ച് സമൂഹം പുലര്‍ത്തുന്ന ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മലൈക അറോറ. ഒരു പുരുഷന്‍ വിവാഹമോചനം നേടി, തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവതിയെ വിവാഹം കഴിച്ചാല്‍ സമൂഹം അയാളെ അഭിനന്ദിക്കുകയും ശക്തനെന്ന് വാഴ്ത്തുകയും ചെയ്യും, എന്നാല്‍ സമാനമായ സാഹചര്യത്തില്‍ ഒരു സ്ത്രീയെ നിരന്തരം ചോദ്യം ചെയ്യുന്നതിലെ വൈരുദ്ധ്യം മലൈക ചൂണ്ടിക്കാട്ടി. ഇത്തരം ചിന്താഗതികള്‍ മാറേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു.
'കരുത്തയായതിന്റെ പേരില്‍ നിരന്തരം വിധിക്കപ്പെടുന്ന അവസ്ഥയാണ്. ഞാന്‍ എന്തു ചെയ്താലും ഇത്തരം വിധി ഉണ്ടാകും. ഇന്നത്തെ സ്ത്രീയായി എന്നെ മാറ്റുന്നതില്‍ നിരവധി സ്ത്രീകള്‍ക്ക് പങ്കുണ്ട്. ഒരു പുരുഷന്‍ തന്റെ ഇഷ്ടത്തിന് ജീവിക്കുന്നത് അഭിനന്ദിക്കപ്പെടും. വിവാഹമോചനം നേടുകയും തന്റെ പകുതി പ്രായമുള്ള യുവതിയെ വിവാഹം കഴിക്കുകയും ചെയ്താല്‍, 'ആഹാ! എന്തൊരു മനുഷ്യന്‍' എന്ന് പറയും. എന്നാല്‍ ഇതൊരു സ്ത്രീയാണ് ചെയ്യുന്നതെങ്കില്‍, 'അവള്‍ എന്തിന് ഇത് ചെയ്തു? അവള്‍ക്ക് ബോധമില്ലേ?' എന്നെല്ലാം ചോദിച്ച് അവളെ ചോദ്യം ചെയ്യും. ഇത്തരം കാഴ്ചപ്പാടുകള്‍ അവസാനിക്കണം,' മലൈക വ്യക്തമാക്കി. നേരത്തെ നടനും സംവിധായകനുമായ അര്‍ബാസ് ഖാനെ വിവാഹം കഴിച്ച മലൈക, ദീര്‍ഘകാലത്തെ ദാമ്പത്യജീവിതത്തിന് ശേഷം വേര്‍പിരിയുകയായിരുന്നു. പിന്നീട് നടന്‍ അര്‍ജുന്‍ കപൂറുമായി മലൈക പ്രണയത്തിലായി. തന്നേക്കാള്‍ പ്രായം കുറഞ്ഞ അര്‍ജുനുമായി പ്രണയത്തിലായതിന്റെ പേരില്‍ മലൈകയ്ക്ക് നിരന്തരമായി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ പ്രണയബന്ധം അവസാനിപ്പിച്ചത്.
അതേസമയം, മലൈകയുമായി വേര്‍പിരിഞ്ഞതിന് ശേഷം അര്‍ബാസ് ഖാന്‍ 2023-ല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷുര ഖാനെ വിവാഹം കഴിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള പ്രായവ്യത്യാസവും അന്ന് ചര്‍ച്ചയായിരുന്നു. ഈയിടെയാണ് ഇവര്‍ക്ക് ഒരു കുഞ്ഞ് പിറന്നത്. വിവാഹമോചിതരായ സ്ത്രീകളെക്കുറിച്ചുള്ള സമൂഹത്തിന്റെ വിവേചനപരമായ കാഴ്ചപ്പാടുകള്‍ക്കെതിരെ മലൈകയുടെ തുറന്നുപറച്ചില്‍ പ്രസക്തമാകുകയാണ്.