തുടരും' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പുതിയ പ്രോജക്ട് പ്രഖ്യാപിച്ച് മോഹന്‍ലാല്‍. നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും മോഹന്‍ലാലിന്റെ അടുത്ത സിനിമ. 'ഇഷ്‌ക്' എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് കഥ-തിരക്കഥ-സംഭാഷണം നിര്‍വഹിക്കുന്നത്. ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മാണം.
എല്‍ 365 എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നു എന്ന പ്രത്യേകതയും സിനിമയെ വേറിട്ട് നിര്‍ത്തുന്നു. തല്ലുമാല, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ നടനായും ,അഞ്ചാംപാതിര സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഡാന്‍ ഓസ്റ്റിന്‍ തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ - തിരക്കഥ -സംഭാഷണം ചെയ്യുന്നത്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനേക്കാള്‍ ഉപരി നിലവില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററും കൗതുകമുണര്‍ത്തുന്നതാണ്. ഒരു വാഷ് ബേസിന് മുന്നിലുള്ള കണ്ണാടിയിലാണ് L365 ഉം അണിയറപ്രവര്‍ത്തകരുടെ പേരും എഴുതിയിരിക്കുന്നത്. മാത്രമല്ല ഇതിനടുത്ത് പൊലീസ് യൂണിഫോം ഷര്‍ട്ട് തൂക്കിയിട്ടതും കണ്ടതോടെയാണ് മോഹന്‍ലാല്‍ പോലീസ് വേഷത്തില്‍ എത്തുന്നു എന്ന നിഗമനത്തിലേക്ക് ആരാധകര്‍ എത്തിയത്.