മലയാള സിനിമയുടെ എക്കാലത്തെയും ഹാസ്യ ചക്രവര്‍ത്തിയായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. അപ്രതീക്ഷിതമായി തേഞ്ഞിപ്പലത്ത് വെച്ച് നടന്ന അപകടത്തെത്തുടര്‍ന്നാണ് അദ്ദേഹം വീല്‍ ചെയറിലായത്. ആരോഗ്യനിലയില്‍ വലിയ മാറ്റം വന്ന അദ്ദേഹം ജീവിതത്തിലേക്കുളള മടങ്ങി വരവിലാണ്. ഇനിയും അദ്ദേഹത്തെ സ്‌ക്രീനില്‍ കാണാനുളള കാത്തിരിപ്പിലാണ് ആരാധകരും സിനിമാലോകവും. ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നിലയെക്കുറിച്ചുളള വാര്‍ത്തകളും ചിത്രങ്ങളും അദ്ദേഹത്തിന്റെ മകള്‍ പാര്‍വ്വതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്നലെയായിരുന്നു ജഗതിശ്രീകുമാറിന്റെയും ഭാര്യ ശോഭയുടെയും വിവാഹവാര്‍ഷികം.
മകള്‍ പാര്‍വതിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. 'ജീവിതത്തില്‍ എന്തും ഒരുമിച്ച് ഒരേ മനസ്സോടെ നേരിടണം. സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്പതികള്‍ക്ക് ചക്കര ഉമ്മ' - എന്നാണ് ആശംസ അറിയിച്ച് കൊണ്ട് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത. അച്ഛന്റെയും അമ്മയുടെയും വിവാഹചിത്രങ്ങള്‍ മുതല്‍ ഇന്നുവരെയുള്ള തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ വീഡിയോയ്ക്ക് ഒപ്പമാണ് ആശംസാക്കുറിപ്പും പങ്കുവെച്ചത്. 'നീയെന്‍ സര്‍ഗസൗന്ദര്യമേ' എന്ന ഗാനമാണ് വീഡിയോയ്ക്ക് പശ്ചാത്തലമായി നല്‍കിയത്.
1984ലാണ് ശോഭയെ ജഗതി ശ്രീകുമാര്‍ വിവാഹം കഴിച്ചത്. പ്രമുഖ നാടകാചാര്യന്‍ ആയിരുന്ന പരേതനായ ജഗതി എന്‍.കെ ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മകനായാണ് ജനനം. അച്ഛന്റെ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായ അദ്ദേഹം 1973 മുതല്‍ മലയാള സിനിമയില്‍ സജീവമായി. ആദ്യം നടി മല്ലികയെ ആയിരുന്നു വിവാഹം കഴിച്ചതെങ്കിലും പിന്നീട് ബന്ധം വേര്‍പിരിയുകയായിരുന്നു.