തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ പ്രധാനമന്ത്രി മോദിയുടെ ബയോപിക്കുമായി എത്തിയത് ഏറെ വിവാദം പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ മോദിയുടെ ബയോപിക്കിന്റെ വീഡിയോ സോങ് പുറത്തിറങ്ങിയതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
വിവേക് ഒബ്‌റോയ് നായകനായെത്തുന്ന ചിത്രത്തിലെ 'ഈശ്വര്‍ അള്ളാ' എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ലവ്രാജിന്റെ വരികള്‍ക്ക് ഹിതേഷ് മോദക് സംഗീതം നല്‍കിയിരിക്കുന്നു. സുവര്‍ണ തിവാരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കലാപങ്ങളില്‍ ഇരകളായവരെ സാന്ത്വനിപ്പിക്കുകയും, കണ്ണീരൊഴുക്കുകയും ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന മോദി ആണ് ഗാനരംഗത്തില്‍. ഒമങ്ങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് വിജയം വരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
വെബ് സീരീസായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകും എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീം കോടതി ശരിവെച്ചിരുന്നു. ചിത്രം മെയ് 24-ന് റിലീസ് ചെയ്യും.