വര്‍ഷങ്ങളോളം പ്രേംനസീറിന്റെ സന്തത സഹചാരിയും പേഴ്സണല്‍ അസിസ്റ്റന്റുമായിരുന്ന രാജനെ അഭിമുഖം പുറത്ത് വന്നതോടെ സോഷ്യല്‍മീഡിയയില്‍ കുറിപ്പ് വൈറലാവുകയാണ്..വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ നിന്നെ വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ എന്ന പറഞ്ഞ് പത്രപ്രവര്‍ത്തകനായ രവി മേനോന്‍ കുറിച്ചവാക്കുകാണ് ശ്രദ്ധ നേടുന്നത്.
പ്രണയവും വിരഹവും വിഷാദവും മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇതുവരെ ആ പാട്ടില്‍. ഇനി മുതല്‍ പനിയുടെ പൊള്ളുന്ന ചൂട് കൂടി കലരും അതില്‍. ഓര്‍ത്താല്‍ വിസ്മയം. ഇനിയൊരിക്കലും പഴയപോലെ ആവില്ലല്ലോ എനിക്ക് ആ പാട്ടിന്റെ കാഴ്ച്ചയും കേള്‍വിയും. ഒരു യൂട്യൂബ് ഇന്റര്‍വ്യൂ കൊണ്ടുവന്ന മാറ്റം.
വര്‍ഷങ്ങളോളം പ്രേംനസീറിന്റെ സന്തതസഹചാരിയും പേഴ്‌സണല്‍ അസിസ്റ്റന്റുമായിരുന്ന രാജനെ സ്വന്തം ചാനലിന് വേണ്ടി ഇന്റര്‍വ്യൂ ചെയ്യുകയാണ് എലിസ എന്ന മിടുക്കി. ഇന്റര്‍വ്യൂ എന്ന് പറഞ്ഞുകൂടാ. കൊച്ചുകുഞ്ഞിന്റെ ജിജ്ഞാസയോടെ, നിഷ്‌കളങ്കകൗതുകത്തോടെ താന്‍ ജനിക്കും മുന്‍പ് വിടവാങ്ങി പിരിഞ്ഞ പ്രേംനസീര്‍ എന്ന നിത്യഹരിതനായകനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ചോദിച്ചറിയുകയാണ് എലിസ. മനസ്സുകൊണ്ട് പഴയൊരു കൗമാരക്കാരനായി മാറി ആ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു രാജന്‍.
ഇടക്കൊരിക്കല്‍ കടത്തനാട്ട് മാക്കത്തിലെ 'ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ' എന്ന പാട്ട് പരാമര്‍ശവിഷയമായപ്പോള്‍ കൗതുകം തോന്നി. ഏറെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്. ഭാസ്‌കരന്‍ മാഷും ദേവരാജന്‍ മാഷും യേശുദാസും ചേര്‍ന്ന് സൃഷ്ടിച്ച ക്ലാസ്സിക് ഗാനം. 'വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ നിന്നെ വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ' എന്ന് തോണിയിലിരുന്ന് നസീര്‍ സാര്‍ ചോദിക്കുമ്പോള്‍ അങ്ങകലെ, പുഴയുടെ തീരത്തെ ഇളവന്നൂര്‍ മഠത്തിന്റെ മട്ടുപ്പാവില്‍ നാം ഷീലയെ കാണുന്നു; സാക്ഷാല്‍ കടത്തനാട്ട് മാക്കത്തെ. നിലാവില്‍ കുളിച്ചുനില്‍ക്കുന്ന ഗാനരംഗം.
പൊള്ളുന്ന പനിയുമായാണ് ആ രംഗം നസീര്‍ സാര്‍ അഭിനയിച്ചു തീര്‍ത്തതെന്ന സത്യം പങ്കുവെക്കുമ്പോള്‍ രാജന്റെ ശബ്ദമിടറിയോ എന്ന് സംശയം. കുമിളിയിലെ ലൊക്കേഷനിലേക്ക് മനസ്സുകൊണ്ട് തിരികെ ചെന്ന് ആ കാഴ്ച്ച മുന്നില്‍ കാണുന്നുണ്ടായിരിക്കണം അദ്ദേഹം; വര്‍ഷങ്ങള്‍ക്കിപ്പുറവും.
ഷൂട്ടിംഗിന് എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു; സംവിധായകന്‍ അപ്പച്ചനും ഛായാഗ്രഹകന്‍ യു രാജഗോപാലും ഉള്‍പ്പെടെ സകലരും. പക്ഷേ നസീര്‍ സാറിന് കടുത്ത പനി. പനി കൊണ്ട് വിറക്കുകയാണ് അദ്ദേഹം....
'സാരമില്ല. നമുക്ക് ഷൂട്ടിംഗ് പിന്നൊരു ദിവസത്തേക്ക് മാറ്റാം.'-- നായകന്റെ അവസ്ഥ കണ്ട് ഭയന്നുപോയ സംവിധായകന്‍ പറഞ്ഞു.
നിസ്സംശയം നസീറിന്റെ മറുപടി: 'വേണ്ട.'
വിശദീകരണം പിറകെ വന്നു: 'ഷീലാമ്മയുമായുള്ള കോംബിനേഷന്‍ ഷോട്ടുകളുള്ള രംഗമാണ്. നാളെ കാലത്ത് ഷീലാമ്മ പോയാല്‍ പിന്നെ ഷൂട്ടിംഗ് നീണ്ടു പോകും. അത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവും. എന്റെ കാര്യമോര്‍ത്ത് നിങ്ങള്‍ ടെന്‍ഷനടിക്കേണ്ട. ഞാന്‍ റെഡി.'
പാതിരാത്രിയായിരുന്നു ചിത്രീകരണമെന്ന് രാജന്‍. ഓരോ ഷോട്ടും കഴിയുമ്പോള്‍ നസീര്‍ സാര്‍ തോണിയില്‍ നിന്നിറങ്ങി കരയിലെ കസേരയില്‍ വന്നിരിക്കും. കമ്പിളി കൊണ്ട് മൂടിപ്പുതച്ചുകൊണ്ടുള്ള ആ ഇരിപ്പ് നടുക്കത്തോടെ മാത്രമേ ഓര്‍ക്കാനാകൂ രാജന്. ക്യാമറാമാന്റെ വിളി വന്നാല്‍ തല്‍ക്ഷണം പുതപ്പുപേക്ഷിച്ച് തിരികെ തോണിയിലേക്ക് നടക്കും നസീര്‍.
പനിച്ചു വിറക്കുന്ന നസീര്‍ സാറിനെയല്ല പിന്നെ കാണുക. ഗാനഗന്ധര്‍വന്റെ പാട്ടിനൊത്ത് മനോഹരമായി ചുണ്ടനക്കുന്ന വിരഹിയായ കാമുകനെ. പുലര്‍ച്ചെ മൂന്ന് മണി വരെ തുടര്‍ന്ന യജ്ഞം.
ഇന്നും ആ ഗാനം കേള്‍ക്കുമ്പോള്‍ വികാരാധീനനായിപ്പോകാറുണ്ടെന്ന് രാജന്‍. തികച്ചും സ്വാഭാവികം. രാജന്‍ പങ്കുവെച്ച കഥ കേട്ട് വീണ്ടും ആ ഗാനരംഗം യൂട്യൂബില്‍ കണ്ടപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാവില്ല. തീര്‍ച്ച.
നസീര്‍ സാര്‍ അന്ന് പുതപ്പിനുള്ളില്‍ കൂനിക്കൂടിയിരുന്ന കസേര ഇന്ന് രാജന്റെ വീട്ടിലുണ്ട്. ആ കസേര രാജന് സമ്മാനിച്ചത് നസീര്‍ സാര്‍ തന്നെ. പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നു രാജന്‍ ആ ചരിത്രസ്മാരകം.
രാജനും എലിസക്കും നന്ദി, ഹൃദയസ്പര്‍ശിയായ ഈ നസീര്‍ അനുഭവത്തിന്.
അഭിമുഖം കണ്ടുതീര്‍ന്നപ്പോള്‍ മൂന്നരപ്പതിറ്റാണ്ടു പഴക്കമുള്ള ഒരു ചിത്രം ഓര്‍മ്മയില്‍ തെളിഞ്ഞു; മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ഒരു രൂപവും.
കണ്മുന്നില്‍ കാണുന്നത് സത്യമോ മിഥ്യയോ എന്ന് വേര്‍തിരിക്കാനാവാതെ, ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയവുമായി പതുങ്ങിനിന്ന തുടക്കക്കാരനായ പത്രലേഖകന് മുന്നിലേക്ക് പുഞ്ചിരിച്ചുകൊണ്ട് കൈകൂപ്പി നടന്നുവരുന്ന ഒരു ഗന്ധര്‍വ്വന്റെ രൂപം.
ഇനിയുണ്ടാകുമോ അതുപോലൊരാള്‍ ?
--രവിമേനോന്‍