വനിതാ ഫിലിം അവാര്‍ഡ്സില്‍ ഏറ്റവും മികച്ച നടനുള്ള അംഗീകാരം ലഭിച്ചത് പൃഥ്വിരാജ് സുകുമാരനായിരുന്നു. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിലൂടെയായിരുന്നു ഈ നേട്ടം പൃഥ്വിയ്ക്ക് ലഭിച്ചത്. നടന്‍ ജയറാം ആയിരുന്നു ഫലപ്രഖ്യാപനം നടത്തിയത്. നടി നവ്യ നായര്‍ പൃഥ്വിയ്ക്ക് പുരസ്‌കാരം സമ്മാനിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അവാര്‍ഡ് വേദിയിലെ ഒരു അസുലഭ നര്‍മ്മ സംഭാഷണ രംഗത്തിന്റെ വീഡിയോ ആണ് വൈറലായി മാറുന്നത്.
ഏതു വേദിയിലും നര്‍മ്മത്തില്‍ പൊതിഞ്ഞ് വളരെ രസകരമായി കാര്യം അവതരിപ്പിക്കാന്‍ കഴിവുള്ള ജയറാം പറഞ്ഞ കഥയും തുടര്‍ന്നുള്ള രംഗങ്ങളുടെ പ്രേക്ഷകരുടെ കൈയ്യടി നേടുന്നത്.വേദിയില്‍ വെച്ച് പൃഥ്വിരാജിന്റെ കൂളിംഗ് ഗ്ലാസ് നൈസായി അടിച്ചുമാറ്റിയ ജയറാമിന്റെ വീഡിയോ ആണ് ഇപ്പോള്‍ യൂട്യൂബില്‍ ശ്രദ്ധ നേടുന്നത്.
അവാര്‍ഡ് കൊടുക്കാന്‍ വരട്ടെ, അതിനു മുന്‍പ് ഒരു പഴയ പ്രതികാരം ഒന്നു തീര്‍ത്തോട്ടെ, എന്ന മുഖവുരയോടെ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളൊരു കഥ ജയറാം സദസ്സുമായി പങ്കിട്ടു. എന്റെ ഓര്‍മ ശരിയാണെങ്കില്‍ 30 വര്‍ഷം മുന്‍പാണ്. വിറ്റ്‌നസ് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സുകുവേട്ടന്‍ പറഞ്ഞു, എന്നെ ഒന്ന് വീട്ടില്‍ ഡ്രോപ്പ് ചെയ്യണം. ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍, കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വരാറായി ഒന്നു വെയ്റ്റ് ചെയ്താല്‍ കണ്ടിട്ട് പോവാമെന്നായി. ഞാന്‍ വെയ്റ്റ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍, നിക്കറൊക്കെയിട്ട് ടൈ കെട്ടി രണ്ട് കുട്ടികള്‍ വന്നു, ഇന്ദ്രനെയും പൃഥ്വിയേയും ഞാന്‍ പൊക്കിയെടുത്ത് ഫോട്ടോ ഒക്കെയെടുത്തു. എന്നാല്‍ ഞാനിറങ്ങിക്കോട്ടെ സുകുവേട്ടാ എന്നു ചോദിച്ചപ്പോള്‍ അങ്ങനെയങ്ങ് പോയാലെങ്ങനെ, തരാനുള്ളത് തന്നിട്ടല്ലേ പോവാന്‍ പാടുള്ളൂ എന്നായി അദ്ദേഹം.
അദ്ദേഹം എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അപ്പോള്‍ സുകുവേട്ടന്‍ പറഞ്ഞു, ഇവിടെ ആരു വന്നാലും, മമ്മൂട്ടി ആയാലും മോഹന്‍ലാല്‍ ആയാലും ഒരു ചടങ്ങുണ്ട്. എന്തെങ്കിലും ഒരു സാധനം എനിക്ക് തന്നിട്ടെ പോകാവൂ, അത് അറിയില്ലായിരുന്നോ?
അതെനിക്ക് അറിയില്ലായിരുന്നു എന്റെ കയ്യില്‍ ഇപ്പോള്‍ ഒന്നുമില്ലല്ലോ എന്നു പറഞ്ഞപ്പോള്‍, ആ കൂളിംഗ് ഗ്ലാസ് ഇങ്ങോട്ട് എടുക്കൂ, അത് തന്നിട്ട് പോവണമെന്നു പറഞ്ഞു സുകുവേട്ടന്‍. ഞാനാശിച്ച് വാങ്ങിച്ച കൂളിംഗ് ഗ്ലാസ് ആയിരുന്നു. അത് അദ്ദേഹം എടുത്തു. പിന്നീട് ഒരുപാട് തവണ ഇന്ദ്രനെയും പൃഥ്വിയേയും കണ്ടപ്പോള്‍ അന്ന് നിങ്ങള്‍ പോയി കഴിഞ്ഞപ്പോള്‍ ഞങ്ങളക്കാര്യം പറഞ്ഞ് ഒരുപാട് ചിരിച്ചെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്.
;ആ കടം ഞാനിന്ന് വീട്ടുകയാ, ആ കൂളിംഗ് ഗ്ലാസ് ഇങ്ങോട്ട് തിരിച്ചു തന്നിട്ട് പോയാ മതി മോനെ,ജയറാം പറഞ്ഞു. പൃഥ്വിരാജിന്റെ പോക്കറ്റില്‍ നിന്നും കൂളിംഗ് ഗ്ലാസ്സ് എടുത്ത് ജയറാം മുഖത്തുവച്ചു വെച്ചപ്പോള്‍ സദസ്സും കയ്യടിച്ചു. അയ്യോ, എന്റെ ബ്ലൂടൂത്ത് കൂളിംഗ് ഗ്ലാസ്,എന്നായിരുന്നു ചിരിയോടെ പൃഥ്വിരാജിന്റെ മറുപടി. മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും അധികം കൂളിംഗ് ഗ്ലാസ് വയ്ക്കണ ആളാണ് പൃഥ്വിയെന്നും ജയറാം പറഞ്ഞു. അടുത്ത സിനിമയിലേക്ക് എന്നെ വിളിക്കൂ, അപ്പോള്‍ ഇത് തിരിച്ചു തരാം,എന്നും താരം കൂട്ടിച്ചേര്‍ത്തു.
ആദ്യ സംവിധാന സംരംഭത്തിലൂടെ മികച്ച സംവിധായകനായ പൃഥ്വിരാജിന് നവ്യ നായരായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്. ശേഷം മറുപടി പ്രസംഗത്തില്‍ ലൂസിഫറിലേക്ക് എത്തിയതിനെ കുറിച്ച് താരം സംസാരിച്ചിരുന്നു. മോഹന്‍ലാലും മുരളി ഗോപിയുമടക്കമുള്ളവര്‍ നല്‍കിയ പിന്തുണയെ കുറിച്ചെല്ലാണ് പൃഥ്വി സംസാരിച്ചത്. ഇതിനിടെ നവ്യയുടെ ആവശ്യപ്രകാരം ഒരു പാട്ട് കൂടി പാടിയിട്ടാണ് പൃഥ്വി വേദിയില്‍ നിന്നും പോയത്.