Latest News

ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോള്‍ എന്റെ ഉള്ള് പിടഞ്ഞു; അധികം സമയം അദ്ദേഹത്തെ നോക്കിനില്‍ക്കാന്‍ എനിക്ക് സാധിച്ചില്ല; എനിക്ക് തന്ന വാക്ക് പാലിക്കാന്‍ നില്ക്കാതെ അദ്ദേഹം യാത്രയായി; പി പദ്മരാജനെ അനുസ്മരിച്ച് റഹ്മാന്‍ പങ്ക് വച്ചതിങ്ങനെ

Malayalilife
ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോള്‍ എന്റെ ഉള്ള് പിടഞ്ഞു; അധികം സമയം അദ്ദേഹത്തെ നോക്കിനില്‍ക്കാന്‍ എനിക്ക് സാധിച്ചില്ല; എനിക്ക് തന്ന വാക്ക് പാലിക്കാന്‍ നില്ക്കാതെ അദ്ദേഹം യാത്രയായി; പി പദ്മരാജനെ അനുസ്മരിച്ച് റഹ്മാന്‍ പങ്ക് വച്ചതിങ്ങനെ

വ്യത്യസ്തങ്ങളായ ഒരുപിടി മനോഹരചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകന്‍ പി. പദ്മരാജന്‍ വിടപറഞ്ഞിട്ട് 32 വര്‍ഷം പിന്നിടുന്നു. 
സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ മേഖലകളിലെല്ലാം തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭയാണ് പി പദ്മരാജന്‍.  1991ലാണ് അദ്ദേഹം മരിച്ചത്.ഈയവസരത്തില്‍ അദ്ദേഹത്തേക്കുറിച്ചോര്‍ത്ത് നടന്‍ റഹ്മാന്‍  പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

'വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. മൂന്നു പതിറ്റാണ്ടിനും അപ്പുറം. എന്നിട്ടും, പപ്പേട്ടനുമായുള്ള അവസാന കൂടിക്കാഴ്ച ഇപ്പോഴും മനസ്സില്‍ മായാതെയുണ്ടെന്നാണ്' റഹ്മാന്‍ കുറിച്ചത്. 'ആദ്യമായി പപ്പേട്ടന്റെ മുന്നിലെത്തിയതു മുതല്‍, മകനോടുള്ള വാത്സല്യമായിരുന്നു അദ്ദേഹത്തിന് എന്നോട്, പപ്പേട്ടന്‍ മരിക്കുമ്പോള്‍ മദ്രാസില്‍ ഏതോ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാന്‍. ആ വാര്‍ത്ത കേട്ട് ഞാന്‍ തരിച്ചുനിന്നു പോയെന്നും അദ്ദേഹം കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണ രൂപം

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. മൂന്നു പതിറ്റാണ്ടിനും അപ്പുറം. എന്നിട്ടും, പപ്പേട്ടനുമായുള്ള അവസാന കൂടിക്കാഴ്ച ഇപ്പോഴും മനസ്സില്‍ മായാതെയുണ്ട്. മൂന്നാംപക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തീര്‍ന്ന ദിവസം എന്നെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഉള്ളില്‍ മുഴങ്ങുന്നു.

ആ ചിത്രത്തില്‍ ജയറാമായിരുന്നു നായകന്‍. നായകന്റെ കൂട്ടുകാരന്റെ വേഷമായിരുന്നു എനിക്ക്. എന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറവായതിന്റെ ചെറിയൊരു സങ്കടം എനിക്ക് ഉണ്ടായിരുന്നു. 'കൂടെവിടെ'യിലൂടെ എന്ന സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന, 'പറന്നു പറന്ന് പറന്ന്' എന്ന ചിത്രത്തിലൂടെ ആദ്യ നായകവേഷം തന്ന, 'കാണാമറയത്തി'ലും 'കരിയിലക്കാറ്റുപോലെ'യിലും മികച്ച വേഷങ്ങള്‍ തന്ന പപ്പേട്ടന്റെ, മറ്റൊരു മികച്ച കഥാപാത്രത്തെ സ്വപ്നം കണ്ടാണ് ഞാന്‍ ആ സെറ്റിലെത്തിയത്.

തമിഴില്‍ മികച്ച നായകവേഷങ്ങള്‍ ഞാന്‍ ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. ഒരു വിഷമവും പുറത്തുകാണിക്കാതെ, പപ്പേട്ടനുമൊത്തുള്ള ഷൂട്ടിങ് ദിവസങ്ങള്‍ ആസ്വദിച്ചുതന്നെ പൂര്‍ത്തിയാക്കി. ഷൂട്ടിങ് തീര്‍ന്ന് മടങ്ങും മുന്‍പ് പപ്പേട്ടന്‍ എന്നെ ചേര്‍ത്തുനിര്‍ത്തി. എന്റെ മനസ്സു വായിച്ചിട്ട് എന്ന പോലെ പറഞ്ഞു. ''നിന്റെ വേഷം ചെറുതാണെന്ന് ഓര്‍ത്ത് വിഷമിക്കണ്ട. ഇനിയും അവസരങ്ങളില്ലേ. ഞാന്‍ വിളിക്കും..

ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന എത്ര ചെറിയ കഥാപാത്രമാണെങ്കിലും പപ്പേട്ടന്‍ പറഞ്ഞാല്‍ ഞാന്‍ അഭിനയിക്കും. അത് അദ്ദേഹത്തിനുമറിയാം. എന്നിട്ടും അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു.

ആദ്യമായി പപ്പേട്ടന്റെ മുന്നിലെത്തിയതു മുതല്‍, മകനോടുള്ള വാത്സല്യമായിരുന്നു അദ്ദേഹത്തിന് എന്നോട്. ഷൂട്ടിങ്ങില്ലാത്ത സമയങ്ങളില്‍ പോലും എന്നെ അടുത്തുവിളിച്ചിരുത്തി വരാനിരിക്കുന്ന സീനുകള്‍ പറഞ്ഞു മനസിലാക്കി തരുമായിരുന്നു. ഹോട്ടലില്‍ അദ്ദേഹത്തിന്റെ മുറിക്ക് അടുത്താണ് എന്റെ മുറിയെന്ന് ഉറപ്പാക്കും. അതുപോലുള്ള കെയറിങ്.

പപ്പേട്ടന്‍ മരിക്കുമ്പോള്‍ മദ്രാസില്‍ ഏതോ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാന്‍. ആ വാര്‍ത്ത കേട്ട് ഞാന്‍ തരിച്ചുനിന്നു പോയി. എന്റെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല.

മമ്മൂക്കയും സൈനുദ്ദീനും അന്ന് മദ്രാസിലുണ്ടായിരുന്നു. പപ്പേട്ടനെ അവസാനമായി കാണാന്‍ നാട്ടിലേക്ക് വരുമ്പോള്‍ മമ്മൂക്കയ്ക്ക് ഒപ്പം ട്രെയിനിലാണ് വന്നത്. ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോള്‍ എന്റെ ഉള്ള് പിടഞ്ഞു. അധികം സമയം അദ്ദേഹത്തെ നോക്കിനില്‍ക്കാന്‍ എനിക്ക് സാധിച്ചില്ല.

എനിക്കു തന്ന വാക്ക് പാലിക്കാന്‍ നില്‍ക്കാതെ, രവി പുത്തൂരാനെ പോലെ ഒരു നല്ല കഥാപാത്രത്തെക്കൂടി എനിക്കു തരാതെ, അദ്ദേഹം യാത്രയായി. പ്രിയ ഗുരുനാഥന്റെ ഓര്‍മകള്‍ക്കു മുന്നില്‍, ഒരായിരം പൂക്കള്‍...

 

rahman fb post about padmarajan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES