കാസര്‍ഗോട്ടെ നിയുക്ത എം.പി ഇനി ജീവിതത്തില്‍ മാത്രമല്ല സിനിമയിലും തിളങ്ങിയ താരമാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിരവധി സിനിമകളില്‍ രാഷ്ട്രീയവേഷമാണ് കൈകാര്യംചെയ്തിട്ടുള്ളത്. ഇപ്പഴിതാ മമ്മൂട്ടിയോടൊപ്പം പുതിയ സിനിമയില്‍ ഉണ്ണിത്താന്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണിത്താന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ തന്നെ നിയുക്ത എംപി എത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തട്ടെയെന്ന നിലപാടിലാണ് ഉണ്ണിത്താന്‍. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്നാണ് സൂചന. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന സിനിമയ്ക്ക് 'വണ്‍' എന്ന് പേരിട്ടതായും റിപ്പോര്‍ട്ടുണ്ട്. അങ്ങിനെയെങ്കില്‍ മമ്മൂട്ടിക്കൊപ്പം അട്ടിമറി വിജയത്തിലൂടെ കോണ്‍ഗ്രസില്‍ സൂപ്പര്‍താര പദവിയിലേയ്ക്കുയര്‍ന്ന ഉണ്ണിത്താന്‍ വെള്ളിത്തിരയിലെത്തും.
ഇരുപത് സിനിമകളില്‍ ഇതിനൊടകം ഉണ്ണിത്താന്‍ വേഷമിട്ടിട്ടുണ്ട്. 2005ല്‍ പുറത്തിറങ്ങിയ ദി ടൈഗര്‍ ആണ് ആദ്യ സിനിമ. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി കേന്ദ്രകഥപാത്രമായെത്തിയ ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ റോളില്‍ ഉണ്ണിത്താന്‍ തിളങ്ങിയിരുന്നു. മമ്മൂട്ടി ചിത്രമായ ബല്‍റാം വെര്‍സസ് താരാദാസ്, ബ്ലാക്ക് ഡാലിയ, കാഞ്ചീപുരത്തെ കല്ല്യാണം, കന്യാകുമാരി എക്‌സ്പ്രസ് ,2011ല്‍ പുറത്തിറങ്ങിയ ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്നിവയായിരുന്നു പ്രധാനചിത്രങ്ങള്‍.