തെന്നിന്ത്യയുടെ അഭിമാനമാണ് നടന്‍ രജനികാന്ത്. 1975-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജിനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇന്ന് ഏറെ ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ അവസരം ചോദിച്ചിട്ടും പൊന്നിയിന്‍ സെല്‍വന്റെ ഭാഗമാകാന്‍ മണിരത്‌നം സമ്മതിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് രജനികാന്ത്.
പെരിയ പഴുവേട്ടരയര്‍ എന്ന കഥാപാത്രം ചെയ്യുന്നതിനായാണ് മണിരത്‌നത്തോട് സംസാരിച്ചുവെന്നും എന്നാല്‍ അദ്ദേഹം സമ്മതിച്ചില്ലെന്നും രജനികാന്ത് പറഞ്ഞു. ഒരു സ്‌പെഷ്യല്‍ വേഷം എങ്കിലും ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളുടെ ആരാധകരില്‍ നിന്നുള്ള ആഘാതം താന്‍ നേരിടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നും. തന്നെ അങ്ങനെ ചൂഷണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റേതൊരു സംവിധായകനും തന്നെ ഉപയോഗിക്കുമായിരുന്നു, പക്ഷേ അദ്ദേഹം ഉപയോഗിച്ചില്ല. അതാണ് മണിരത്‌നമെന്നും രജനികാന്ത് പ്രതികരിച്ചു. സെപ്റ്റംബര്‍ 30നാണ് പൊന്നിയിന്‍ സെല്‍വന്‍ തിയേറ്ററുകളില്‍ എത്തുക. 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത് പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ താരങ്ങളും എത്തുന്നുണ്ട്.