അയര്‍ലന്‍ഡില്‍ രജനീകാന്തിന്റെ ജയിലര്‍ എന്ന സിനിമയ്ക്ക് പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചു. ഡബ്ലിനില്‍ നടക്കുന്ന പര്യടനത്തിനായി എത്തിയിട്ടുള്ള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആയിരുന്നു ജയിലറിന്റെ പ്രത്യേക പ്രദര്‍ശനത്തിലെ മുഖ്യ അതിഥി. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് സഞ്ജു.
ആഗോളതലത്തില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് നെല്‍സണ്‍ ദിലീപ്കുമാറിന്റെ രജനികാന്ത് ചിത്രം 'ജയിലര്‍'. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രം 10 ദിവസത്തിനുള്ളില്‍ 500 കോടിയും താണ്ടി പ്രദര്‍ശനം തുടരുമ്പോള്‍ ആണ് അയര്‍ലന്‍ഡില്‍ ചിത്രത്തിനായി സ്‌പെഷ്യല്‍ ഷോ ഒരുക്കിയത്.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം ട്വന്റി 20 മത്സരത്തിനിടെ കമന്റേറ്റര്‍ നയാല്‍ ഒബ്രിയന്‍ സഞ്ജു തന്റെ ഇഷ്ട നടന്റെ ചിത്രത്തിന് പങ്കെടുത്ത കാര്യം സൂചിപ്പിച്ചിരുന്നു. സഞ്ജുവും ഋതുരാജ് ഗെയ്ക്‌വാദും ക്രീസിലുള്ളപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. താരത്തിനിത് അഭിമാന നിമിഷമായിരുന്നുവെന്നും കമന്റേറ്റര്‍ പറഞ്ഞു.
ഏഴാം ക്ലാസ് മുതല്‍ രജനികാന്തിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച് സഞ്ജു പല അഭിമുഖങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. സഞ്ജു രജനികാന്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ച ചിത്രം വൈറലായിരുന്നു. 21 വര്‍ഷത്തെ തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കൂടിക്കാഴ്ച്ചയിലൂടെ സാധിച്ചതെന്ന് സഞ്ജു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നു.