Latest News

ഒന്നും ആലോചിക്കാതെ...ഒരു നിമിഷത്തെ എടുത്തുചാട്ടത്തില്‍ ചെയ്തുപോയ തെറ്റ്; ന്യായീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; നടക്കാന്‍ പാടില്ലാത്തത് നടന്നു; പ്രവര്‍ത്തി കൊണ്ട് നേരിട്ട് വിഷമം ഉണ്ടായത്  - എനിക്കും എന്റെ കുടുംബത്തിനും;ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സബ്‌സ്‌ക്രിബ്ഷന്‍ വീഡിയോയില്‍ മാപ്പ് പറഞ്ഞ് ഹന്‍സിക കൃഷ്ണ 

Malayalilife
 ഒന്നും ആലോചിക്കാതെ...ഒരു നിമിഷത്തെ എടുത്തുചാട്ടത്തില്‍ ചെയ്തുപോയ തെറ്റ്; ന്യായീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; നടക്കാന്‍ പാടില്ലാത്തത് നടന്നു; പ്രവര്‍ത്തി കൊണ്ട് നേരിട്ട് വിഷമം ഉണ്ടായത്  - എനിക്കും എന്റെ കുടുംബത്തിനും;ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സബ്‌സ്‌ക്രിബ്ഷന്‍ വീഡിയോയില്‍ മാപ്പ് പറഞ്ഞ് ഹന്‍സിക കൃഷ്ണ 

സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായ ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍ വിഡിയോ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും നടിയുമായ ഹന്‍സിക കൃഷ്ണ. പെയ്ഡ് സബ്‌സ്‌ക്രൈബര്‍മാര്‍ക്കായി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഹന്‍സികയ്ക്ക് നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പണമുണ്ടാക്കാനും സബ്‌സ്‌ക്രൈബര്‍മാരെ കൂട്ടാനുമാണ് താരം ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതെന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാല്‍, ഇപ്പോഴിതാ വിഷയത്തില്‍ തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. 

 ആ വീഡിയോ പോസ്റ്റ് ചെയ്തത് തന്റെ ഭാഗത്തുനിന്നുണ്ടായ വലിയൊരു തെറ്റായിരുന്നുവെന്ന് ഹന്‍സിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ തുറന്നുസമ്മതിച്ചു. തികച്ചും അശ്രദ്ധവും ബാലിശവുമായ ഒരു തീരുമാനമായിരുന്നു അത്. അതില്‍ തനിക്ക് വളരെയധികം ഖേദമുണ്ടെന്നും, ആ പ്രവൃത്തിയെ ഒരുതരത്തിലും ന്യായീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹന്‍സിക വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസമായി വലിയ വേദനയോടെയും കുറ്റബോധത്തോടെയുമാണ് ജീവിക്കുന്നതെന്നും അതുകൊണ്ടാണ് ഇപ്പോള്‍ ഇതേക്കുറിച്ച് തുറന്നുപറയുന്നതെന്നും താരം കുറിച്ചു. 

യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഹന്‍സിക, ഒന്നും ആലോചിക്കാതെ ഒരു നിമിഷത്തെ എടുത്തുചാട്ടത്തിലാണ് ആ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ തനിക്ക് വലിയ ഖേദം തോന്നിയെന്നും, അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് അഞ്ച് മിനിറ്റിനകം തിരിച്ചറിഞ്ഞ് വീഡിയോ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്തതായും ഹന്‍സിക വിശദീകരിച്ചു. 

പക്ഷേ, ആ അഞ്ച് മിനിറ്റെന്ന ചുരുങ്ങിയ സമയം കൊണ്ട് സബ്‌സ്‌ക്രൈബര്‍മാരില്‍ ചിലര്‍ ആ വീഡിയോ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യുകയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പരസ്യമായി പ്രചരിപ്പിക്കുകയുമായിരുന്നു എന്ന് ഹന്‍സിക ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഹന്‍സികയുടെ ഈ കുറിപ്പിന് താഴെ താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. 

ഹന്‍സിക കൃഷ്ണയുടെ കുറിപ്പ് ഇങ്ങനെ... 

എല്ലാവര്‍ക്കും നമസ്‌കാരം. ഇത് ഹന്‍സികയാണ്. എല്ലാവരും സുഖമായിരിക്കുന്നുവെന്ന് കരുതട്ടെ. ഇന്‍സ്റ്റഗ്രാമിലെ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചറിലൂടെ മൂന്നാഴ്ച മുമ്പ് പങ്കുവെച്ച ഒരു വീഡിയോയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുണ്ടായി. എന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധവും ബാലിശവുമായ തീരുമാനമായിരുന്നു അത്. ഞാന്‍ അതില്‍ വളരെയധികം ഖേദിക്കുന്നു. അതിനെ ഒരുതരത്തിലും ന്യായീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ കഴിഞ്ഞ ഒരുമാസമായി വേദനയോടെയും കുറ്റബോധത്തോടെയുമാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് ഇതേക്കുറിച്ച് തുറന്നുപറയണമെന്ന് ആഗ്രഹിച്ചത്. എനിക്ക് പറയാനുള്ളത് കേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് ഇതിന്റെ സത്യാവസ്ഥ മനസിലായേക്കാം.

ആ വീഡിയോ പോസ്റ്റ് ചെയ്തത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അത് വലിയൊരു തെറ്റായിരുന്നു. ഒന്നും ആലോചിക്കാതെ, ഒരുനിമിഷത്തെ എടുത്തുചാട്ടത്തില്‍ ചെയ്തുപോയ തെറ്റ്. പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ എനിക്ക് അങ്ങനെ ചെയ്തതില്‍ ഖേദം തോന്നി. ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് അഞ്ച് മിനിറ്റിനകം എനിക്ക് തോന്നുകയും ഉടന്‍ തന്നെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ആ ചുരുങ്ങിയ സമയം കൊണ്ട് സബ്‌സ്‌ക്രൈബര്‍മാരില്‍ ചിലര്‍ വീഡിയോ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിച്ചു.പേരിനും പണത്തിനും വേണ്ടിയാണ് ഞാന്‍ ഇത് ചെയ്തതെന്ന് പലരും എന്നെ കുറ്റപ്പെടുത്തി. 

അങ്ങനെ തോന്നുന്നതില്‍ തെറ്റ് പറയുന്നില്ല. എങ്കിലും, അങ്ങനെയൊരു ലക്ഷ്യം എനിക്കില്ലായിരുന്നുവെന്ന് ഞാന്‍ പറയട്ടെ. സ്വന്തം കാര്യം നോക്കാനുള്ള വരുമാനം 20ാം വയസില്‍ ഞാന്‍ ഉണ്ടാക്കുന്നുണ്ട്. അതിലുപരി, വര്‍ഷങ്ങളായി എനിക്കും കുടുംബത്തിനും നിങ്ങള്‍ നല്‍കുന്ന സ്നേഹവും പിന്തുണയുമുള്ളതിനാല്‍ പ്രശസ്തിയെന്നത് ഞങ്ങള്‍ ആഗ്രഹിക്കുതോ ഞങ്ങള്‍ക്ക് ഇല്ലാത്തതോ ആയ ഒന്നല്ല.മറ്റൊരു കാര്യമാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചത്. എന്റെ സഹോദരി ഒരുവര്‍ഷത്തിലേറെ കഠിനാധ്വാനം ചെയ്ത, ഞാന്‍ കൂടി അഭിനയിച്ച സംഗീത വീഡിയോ ഈ സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങാനിരുന്നത്. 

പ്രത്യാഘാതങ്ങളെ കുറിച്ച് ഒരല്‍പ്പം ചിന്തിച്ചിരുന്നെങ്കില്‍ അവളുടെ കഠിനാധ്വാനത്തെ ബാധിക്കുന്ന ഒന്നും റിലീസിന് മുമ്പ് ഞാന്‍ ചെയ്യില്ലായിരുന്നു. എന്തോ ഭാഗ്യത്തിന് ഇത് ആ മ്യൂസിക് വീഡിയോയെ ബാധിച്ചില്ല. ഇതിന് പിന്നില്‍ ആസൂത്രിതമായ പദ്ധതി ഇല്ലായിരുന്നുവെന്ന് മനസിലാക്കാന്‍ ഇത് സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു.  ഞാന്‍ ചെയ്തതൊരു തെറ്റായിരുന്നു. എന്റെയുള്ളില്‍ എക്കാലവും ഒരു നീറ്റലാകുന്ന ഒരു വലിയ തെറ്റ്.എന്റെ തെറ്റായ പ്രവൃത്തി കാരണം വേദന അനുഭവിച്ചത് ഞാന്‍ മാത്രമല്ല, എന്റെ കുടുംബം കൂടെയാണ്. 

കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതിന്റെ വൈകാരികമായ പ്രത്യാഘാതവും അനന്തരഫലങ്ങളും ഞങ്ങള്‍ അനുഭവിക്കുകയാണ്. മറ്റാരേയും ഇത് നേരിട്ട് ബാധിച്ചിട്ടില്ല. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഓണ്‍ലൈനില്‍ എനിക്കെതിരെയുണ്ടായ അധിക്ഷേങ്ങളും ക്രൂരമായ വിദ്വേഷ പ്രചാരണവും വേട്ടയാടലുമെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അറിയപ്പെടുന്ന വ്യക്തി എന്ന നിലയില്‍ ആളുകള്‍ എന്റെ തെറ്റുകളെ വിമര്‍ശിക്കുമെന്നും അതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും എനിക്കറിയാം. അതെല്ലാം ഞാന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു.

hansika krishna about instagram subscription video leak

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES