കുമ്പളങ്ങി നൈറ്റ്സിലൂടെ വെള്ളിത്തിരയിലെത്തിയ അന്ന ബെന്‍ മലയാള സിനിമയുടെ പുതിയ താരോദയമാണ്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം അന്ന നായികയായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ഹെലന്‍. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിലേക്ക് എത്തി. എല്ലായിടത്ത് നിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ അന്നാ ബെന്നിനെ പ്രശംസിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് എത്തിയിരിക്കുകയാണ്.
ആഹ്ലാദകരമായ ഒരു അമ്പരപ്പാണ് തനിക്ക് തോന്നിയത് എന്നാണ് സിനിമ കണ്ടതിന് ശേഷം സത്യന്‍ അന്തിക്കാട് പ്രതികരിച്ചത്. പടം തീര്‍ന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റില്‍ നിന്നെഴുന്നേല്‍ക്കാന്‍ തോന്നിയില്ലെന്നും അത്രയേറെ ആ പെണ്‍കുട്ടി തന്നെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍....
ആഹ്ലാദകരമായ ഒരു അമ്പരപ്പിനെ പറ്റി പറയാം.
'ഹെലന്‍' എന്ന സിനിമ കണ്ടു. പടം തീര്‍ന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റില്‍ നിന്നെഴുന്നേല്‍ക്കാന്‍ തോന്നിയില്ല. അത്രയേറെ ആ പെണ്‍കുട്ടി എന്നെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു.
അന്ന ബെന്‍..ബെന്നി പി നായരമ്പലത്തിന്റെ വീട്ടില്‍ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല ഈ മോള്‍ക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന്. 'കുമ്പളങ്ങി നൈറ്റ്സ്' കണ്ടപ്പോള്‍ തന്നെ തോന്നിയിരുന്നു, എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന്.
ഹെലനില്‍ അഭിനയത്തിന്റെ പൂര്‍ണ്ണതയെന്താണെന്ന് അന്ന ബെന്‍ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. എന്തൊരു ചാരുതയാണവളുടെ ഭാവങ്ങള്‍ക്ക് !
ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നില്‍ തുറന്ന് കിടക്കുന്നു. ഇനി ആത്മവിശ്വാസത്തോടെ പറക്കാം. ഒരു പാട് പ്രശംസകളും അംഗീകാരങ്ങളും അന്നയെ കാത്തിരിക്കുന്നുണ്ട്. മനസ്സ് നിറഞ്ഞ സ്നേഹവും പ്രാര്‍ത്ഥനയും.
വിനീതിനും, ആദ്യ സിനിമ ഹൃദ്യമാക്കിയ മാത്തുക്കുട്ടി സേവ്യറിനും, ഷാനും മറ്റെല്ലാ അണിയറ പ്രവത്തകര്‍ക്കും അഭിനന്ദനങ്ങള്‍.