മമ്മൂട്ടി സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും അവയെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്. കിന്നാരം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അർത്ഥം, കളിക്കളം, കനൽക്കാറ്റ്, ഗോളാന്തര വാർത്ത, no. 1 സ്നേഹതീരം, ഒരാൾ മാത്രം എന്നിവ ചില ഉദാഹരണം മാത്രമാണ്. ഇപ്പോളിതാ കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നവെന്ന വാർത്ത പുറത്ത് വന്നിരിക്കുകയാണ്. കൈരളി ടി വി യുടെ കതിർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവേയാണ് സത്യൻ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയും പങ്കെടുത്ത ചടങ്ങിലാണ് സത്യൻ അന്തിക്കാട് ഇക്കാര്യം അറിയിച്ചത്.
എന്നാൽ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കിയാണ് തന്റെ അടുത്ത ചിത്രം ആലോചിക്കുന്നതെന്ന് മമ്മൂട്ടിയോട് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് സംവിധായകൻ പറയുന്നു. അതിന്റെ കാരണവും സംവിധായകൻ തന്നെ മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തിൽ പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഒരു സംവിധായകൻ തന്റെ സിനിമയിൽ മമ്മൂട്ടിയെ നായകനാക്കിയാൽ പിന്നെ അദ്ദേഹത്തിന് മനസമാധാനം ഉണ്ടാകില്ലെന്നും, പല സമയങ്ങളിലും പല സ്ഥലത്തു നിന്നും മമ്മൂട്ടി വിളിക്കുമെന്നും ആ കഥാപത്രം ഇങ്ങനെ നടന്നാൽ എങ്ങനെയിരിക്കും, ആ കഥാപാത്രത്തിന്റെ വസ്ത്രം ഏതു രീതിയിൽ ആയിരിക്കണം, എന്നിങ്ങനെയുള്ള ചിന്തയിലായിരിക്കും മമ്മൂട്ടിയെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.അതുകൊണ്ട് അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് അടുത്ത സിനിമ ആലോചിക്കുന്നതെന്ന കാര്യം ഈ നിമിഷം വരെ പറഞ്ഞിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു.
21 വർഷം മുമ്പ് ഒരാൾ മാത്രം എന്ന ചിത്രത്തിലാണ് സത്യൻ അന്തിക്കാടും മമ്മൂട്ടിയും ഒടുവിൽ ഒന്നിച്ചത്. എസ് എൻ സ്വാമി തിരക്കഥയൊരുക്കിയ ചിത്രം 1997 നവംബറിലാണ് പുറത്തിറങ്ങിയത്. മമ്മൂട്ടി, ശ്രുതി, തിലകൻ, ശ്രീനിവാസൻ, കാവ്യ മാധവൻ, പ്രവീണ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്