മോഹന്‍ലാല്‍ ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെത്തിയ മനോഹര ചിത്രമായിരുന്നു നാടോടിക്കാറ്റ്. ചിത്രത്തിലെ തിലകന്‍ അഭിനയിച്ച അനന്തന്‍ നമ്പ്യാരെ മലയാള സിനിമാ പ്രേക്ഷകര്‍ മറന്ന് കാണില്ല. പേടിത്തൊണ്ടനായ അനന്തന്‍ നമ്ബ്യാരിലൂടെ തനിക്ക് കോമഡി രംഗങ്ങളും വഴങ്ങുമെന്ന് തിലകന്‍ തെളിയിച്ചു. ഇപ്പോഴിതാ 1988 ല്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റില്‍ താന്‍ നടത്തിയ ഒരു തട്ടിപ്പിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ മനസ് തുറന്നിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
'തിലകന്‍ ചേട്ടന് ഡേറ്റ് പ്രശ്‌നം കാരണം ക്ലൈമാക്‌സ് രംഗങ്ങളുടെ ഷൂട്ടിംഗിന് എത്താന്‍ സാധിച്ചില്ല. ചാലക്കുടിയില്‍വെച്ച് അദ്ദേഹത്തിന്റെ കാറും ആക്‌സിഡന്റായി. മൂന്ന് മാസം റെസ്റ്റ് എടുക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ക്ലൈമാക്‌സ് സീന്‍ ചേട്ടനില്ലാതെ എങ്ങനെ ചെയ്യുമെന്നായി ചിന്ത. രണ്ട് ദിവസത്തെ തലപുകഞ്ഞുള്ള ആലോചനയ്‌ക്കൊടുവില്‍ ഈ പ്രതിസന്ധി മറികടക്കാന്‍ ഒരു വഴി കണ്ടെത്തി.
പവനായിയെ കൊണ്ടുവരാന്‍ അനന്തന്‍ നമ്പ്യാര്‍ പറയുന്ന രംഗം ഉണ്ട്. ഇതിന് തിലകന്‍ ചേട്ടന് വരാന്‍ സാധിക്കാത്തത് കൊണ്ട് സഹായിയെക്കൊണ്ട് അഡീഷണല്‍ ഒരു ഡയലോഗ് പറയിപ്പിച്ചു. അനന്തന്‍ നമ്പ്യാര്‍ പറഞ്ഞത് പോലെ ഇനി പവനായി വന്നാലെ രക്ഷയുള്ളു എന്നായിരുന്നു ആ ഡയലോഗ്. പിന്നെയുള്ളത് ക്ലൈമാക്‌സ് സീനായിരുന്നു.
കോസ്റ്റ്യൂമര്‍ കുമാറിനെ ഡ്യൂപ്പാക്കി വൈഡില്‍ ക്യാമറവെച്ച് ആ രംഗങ്ങള്‍ എടുത്തു.'- സത്യന്‍ അന്തിക്കാട് കുറിച്ചു. ഈ രഹസ്യം താന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലെന്നും ആര്‍ക്കും ആ തട്ടിപ്പ് മനസിലായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.