ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സായാഹ്ന വാർത്തകൾ' എന്ന ചിത്രത്തിന്റെ ടീസർ ശ്രദ്ധയാകർഷിക്കുന്നു. ഈ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും സാങ്കൽപികമാണെന്നുള്ള മുൻകൂർ അറിയിപ്പ് സാധാരണ സിനിമ ആരംഭിക്കും മുൻപാണ് കാണാറുള്ളത്. എന്നാൽ ടീസർ വീഡിയോയിൽ തന്നെ അത്തരമൊരു അറിയിപ്പുമായി എത്തിയിരിക്കുകയാണ് 'സായാഹ്ന വാർത്തകൾ' എന്ന ചിത്രം.
തൊഴിൽ രഹിതനായ നായകന് സുഹൃത്ത് 'ഭാരത് സ്‌കിൽ യോജന' എന്ന കേന്ദ്ര സർക്കാരിന്റെ തൊഴിൽ നൈപുണ്യ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് കൊടുക്കുന്നതിന്റെ മാതൃകയിലാണ് ടീസർ. ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ചന്തുവാണ്.
അജു വർഗീസ്, മകരന്ദ് ദേശ്പാണ്ഡെ, ശരണ്യ ശർമ്മ തുടങ്ങിയ താരനിരയും അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം ശരത് ഷാജി. സംഗീതം പ്രശാന്ത് പിള്ള. ഡി 14 എന്റർടെയ്ന്മെന്റ്സ് ആണ് നിർമ്മാണം. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്.