ഗോപീ സുന്ദറിന്റെ സംഗീതത്തിന് ആലാപനവുമായി നടന്‍ ചിമ്പു എത്തുന്നു. നിഖില്‍ സിദ്ധാര്‍ത്ഥയുടെ നായികയായി അനുപമ പരമേശ്വരന്‍ എത്തുന്ന 18 പേജസ് എന്ന ചിത്രത്തിലാണ് നടന്‍ ഗായകാനാകുന്നത്. പല്‍നാട്ടി സൂര്യ പ്രതാപിന്റെതാണ് സംവിധാനം.
കാര്‍ത്തികേയ 2 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം നിഖില്‍ സിദ്ധാര്‍ത്ഥയുടെ നായികയായി അനുപമ എത്തുന്ന 18 പേജസ് ഡിസംബര്‍ 23 ന് തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. അതേ സമയം സതീഷ് ബാബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബട്ടര്‍ഫ്ളൈ ആണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രം സിഡ്നി പ്ലസ് ഹോട് സ്റ്റാറില്‍ നേരിട്ട് സ്ട്രീം ചെയ്യാനാണ് തീരുമാനം.
ജയം രവി നായകനായ 'സൈറണി'ലും അനുപമ പരമേശ്വരന് പ്രധാനപ്പെട്ട ഒരു വേഷമുണ്ട്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സെല്‍വകുമാര്‍ എസ് കെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുപമ പരമേശ്വരന്‍ നായികയായി ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും റിലീസ് കാത്തിരിക്കുന്നതും.