മലയാളികളുടെ പ്രിയ ഗായികയാണ് സിത്താര കൃഷ്ണ കുമാര്‍. ഒരുപാട് ആരാധകരുള്ള ഗായിക നര്‍ത്തകിയായും അറിയപ്പെട്ടിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളില്‍ വിധി കര്‍ത്താവായും അവതാരികയായും എത്തുന്ന പ്രേക്ഷകരുടെ സ്വന്തം സിത്തുമണിയുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരം തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ പങ്കുവെച്ച് ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ സായു എന്ന സാവന് ജന്മദിന ആശംസകളുമായി സിത്താര എഴുതിയ കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കുഞ്ഞുമണി എന്ന് വിളിച്ചുകൊണ്ടാണ് സിത്താര കുറിപ്പ് തുടങ്ങുന്നത്.
കുഞ്ഞുമണി, ഞാന്‍ നിന്നോട് ചിലത് പറയട്ടെ. നിനക്കിന്ന് ഒരു വയസ് കൂടിയിരിക്കുകയാണ്. അതുപോലെ നിന്റെ ഹൃദയവും വലുതായിരിക്കുകയാണ്. അതിനെ നീ സ്‌നേഹം കൊണ്ട് നിറയ്ക്കുക. എത്രത്തോളം സ്‌നേഹം നല്‍കുന്നുവോ അത്രത്തോളം നീ സുന്ദരിയാകും. അത്രയും ആത്മവിശ്വാസവും നിനക്ക് ലഭിക്കും. കൂടുതല്‍ ശക്തയാകും. സ്‌നേഹം പകര്‍ന്ന് നല്‍കുന്നതിലും ഹൃദയങ്ങളെ സുഖപ്പെടുത്തുന്നതിലും നീ സന്തോഷം കണ്ടെത്തുക. സായുവിന് ജന്മദിനാശംസകള്‍'- സിത്താര കുറിച്ചു.
ഗായിക ജ്യോത്സ്ന, ശ്രേയ ജയദീപ്, മിഥുന്‍ തുടങ്ങി നിരവധിപ്പേര്‍ സായുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സാവന്‍ ഋതുവിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. അമ്മയെപ്പോലെ സായുവും ഒരു നല്ല പാട്ടുകാരിയാണ്.