വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ഗാന രംഗത്തേക്ക് ചുവടുവച്ച ഗായകനാണ് സുദീപ് കുമാര്‍. ആദ്യ ഗാനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് എം ജയചന്ദ്രന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ നിരവധി ഗാനങ്ങള്‍ സുദീപിനെ പ്രേക്ഷകരുടെ ഇഷ്ടഗായകനാക്കി മാറ്റി.മാടമ്പിയിലെ 'എന്റെ ശാരികെ' എന്ന ഗാനത്തിലൂടെയാണ് മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ ഗായകന്റെതായി പിന്നീട് നിരവധി ഹിറ്റുകളാണ് വിരിഞ്ഞത്. അടുത്തിടെ കേരളകൗമുദി ഫ്‌ളാഷ് നല്കിയ അഭിമുഖത്തില്‍ ഭക്ഷണകാര്യത്തില്‍ പുലര്‍ത്തുന്ന നിഷ്ഠകള്‍ തന്നെയാണ് ആസ്വാദകനെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ പാടാന്‍ തനിക്ക് കഴിയുന്നതിന് പിന്നിലെന്ന് സുദീപ് പറയുകയുണ്ടായി.
ദാസേട്ടന്റെ നിര്‍ദേശപ്രകാരം ബ്‌ളഡ് ഗ്രൂപ്പിന് അനുസരിച്ച് മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂവെന്നും സുദീപ് വ്യക്തമാക്കി. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പാതതന്നെയാണ് ഇക്കാര്യത്തില്‍ പിന്തുടരുന്നത്െന്നും സുദീപ് വ്യക്തമാക്കി.
'ശബ്ദം സംരക്ഷിക്കാന്‍ ദിവസവും സംഗീതം പ്രാക്ടീസ് ചെയ്യണം. ശബ്ദത്തിന് ഹാനികരമായ ഭക്ഷണസാധനങ്ങളൊന്നും കഴിക്കാറില്ല. പാട്ടും ഭക്ഷണവും തമ്മില്‍ ബന്ധമൊന്നുമില്ല മറിച്ച് പാട്ടും ആരോഗ്യവും തമ്മിലാണ് ബന്ധം. ഒരു പാട്ടുകാരന്‍ എപ്പോഴും ആരോഗ്യത്തോടെ പാടണമെങ്കില്‍ ഭക്ഷണകാര്യത്തില്‍ അതീവ ശ്രദ്ധ വേണം. തൊണ്ടയെ മോശമായി ബാധിക്കുന്ന ഒന്നും തന്നെ കഴിക്കാറില്ല. ദാസേട്ടന്‍ പിന്തുടരുന്ന ഭക്ഷണരീതി എനിക്കു പറഞ്ഞു തന്നിട്ടുണ്ട്. ബ്‌ളഡ് ഗ്രൂപ്പിനെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതിയാണ് കുറേ വര്‍ഷമായി ആ രീതിയാണ് പിന്തുടരുന്നത്. എന്റെ ബ്‌ളഡ് ഗ്രൂപ്പ് അനുസരിച്ച് ഗോതമ്പ് കഴിക്കാന്‍ പാടില്ല.
പണ്ട് എന്നും രാത്രി ചപ്പാത്തി കഴിക്കുമായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി കഴിക്കാറില്ല. കുറേക്കാലമായി പെര്‍ഫ്യൂംസും ഉപയോഗിക്കാറില്ല. ശ്വാസകോശത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നത് കൊണ്ടാണത്. ദാസേട്ടനാണ് അത് പറഞ്ഞത്. ഓരോ വ്യക്തിയുടെയും ബ്‌ളഡ് ഗ്രൂപ്പ് അനുസരിച്ച് അനുവര്‍ത്തിക്കേണ്ട് ആഹാരശീലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകം അദ്ദേഹം എനിക്ക് നല്‍കി. അത് വായിച്ചതിനു ശേഷം ഒരുപാട് മാറ്റങ്ങള്‍ ആഹാരശീലത്തില്‍ വരുത്തി. പുളിയുള്ള ആഹാരങ്ങള്‍ രാത്രിയില്‍ കഴിക്കാറില്ല. മട്ടനും ബീഫും ഒഴിവാക്കിയെന്നും സുദീപ് പറയുന്നു.