മലയാളത്തില്‍ നായികയായും സഹനടിയായുമെല്ലാം അഭിനയിച്ചിട്ടുള്ള നടിയാണ് കാവേരി. മലയാളി താരമായിട്ടും കന്നട, തെലുങ്ക്, തമിഴ് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലാണ് കാവേരി ചുവടുറപ്പിച്ചത്. കണ്ണാന്തുമ്പീ പോരാമോ എന്ന ഒറ്റ പാട്ടു മതി മലയാളികള്‍ക്ക് കാവേരിയെ ഓര്‍ക്കാന്‍. മോഡേണ്‍ വേഷങ്ങളും നാടന്‍ കഥാപാത്രങ്ങളും തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ താരത്തെക്കുറിച്ചുളള ഒരു വെളിപ്പെടുത്തലാണ് എത്തുന്നത്. മലയാളത്തിന് പുറമെ അന്യഭാഷയിലും തിളങ്ങിയ താരം വിവാഹത്തോടെയായിരുന്നു മലയാളത്തില്‍ നിന്നും അപ്രത്യക്ഷയായത്.കാവേരിയുടെ വിവാഹമോചന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
സംവിധായകനായ സൂര്യ കിരണിനെയാണ് കാവേരി വിവാഹം ചെയ്തത്. നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍. സിനിമാകുടുംബത്തിലേക്കായിരുന്നു താരം പ്രവേശിച്ചത്. തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയുടെ വിവാഹം. 2010ലായിരുന്നു സൂര്യ കിരണും കാവേരിയും വിവാഹിതരായത്. തങ്ങള്‍ ഇരുവരും വിവാഹമോചിതരായിട്ട് വര്‍ഷങ്ങളായെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ തെലുങ്ക് ബിഗ് ബോസില്‍ സൂര്യ കിരണും പങ്കെടുത്തിരുന്നു. സീസണ്‍ 4ലായിരുന്നു സംവിധായകന്‍ പങ്കെടുത്തത്.
നാഗാര്‍ജുന അവതാരകനായെത്തിയ ബിഗ് ബോസില്‍ ആദ്യവാരത്തില്‍ തന്നെ പുറത്താവുകയായിരുന്നു സൂര്യ കിരണ്‍. ഷോയില്‍ നിന്നും പുറത്തെത്തിയതിന് ശേഷം വിവിധ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു. അതിനിടയിലാണ് നിര്‍ണ്ണായകമായ തുറന്നുപറച്ചില്‍ നടത്തിയത്. വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കരഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം കാവേരിയെക്കുറിച്ച് പറഞ്ഞത്. കാവേരി തന്നെ ഉപേക്ഷിച്ചു പോവുകയായിരുന്നുവെന്നും ഇപ്പോഴും താന്‍ കാവേരിയെ സ്‌നേഹിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
പ്രണയിച്ച് വിവാഹിതരായവരാണ് കാവേരിയും സൂര്യ കിരണും. പേധ ബാബൂയെന്ന തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ഇവരുടെ പ്രണയം തുടങ്ങിയത്. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ ശേഷം കാവേരി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് കങ്കാരുവെന്ന ചിത്രത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. നിരവധി സിനിമകളിലായിരുന്നു താരം പിന്നീട് അഭിനയിച്ചത്. സംവിധായികയായി താരം മടങ്ങിയത്തുന്നുവെന്ന വിവരവും ഇടയ്ക്ക് പുറത്ത് വന്നിരുന്നു.