കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന വിനായകൻ നായകനാകുന്ന തൊട്ടപ്പന്റെ ടീസർ പുറത്തുവിട്ടു. സ്ഫടികം സിനിമകാണാൻ പോകുന്ന വിനായകനും കൂട്ടരുമാണ് ടീസറിലുള്ളത്. തീയേറ്ററിൽ ഉണ്ടാകുന്ന കശപിശയ്ക്കിടെ നടക്കുന്ന ഒരു ഫൈറ്റും ഒറു മിനിറ്റ് ദൈർഘ്യമുള്ള ടീസറിലുണ്ട്.
മുഴുനീള നായക വേഷത്തിൽ വിനായകൻ ആദ്യമായെത്തുന്ന സിനിമയാണ് തൊട്ടപ്പൻ. കൂടാതെ തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി അഭിനയ രംഗത്തേക്ക് എത്തുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അദ്രുമാൻ എന്ന കഥാപാത്രത്തെയാണ് രഘുനാഥ് അവതരിപ്പിക്കുന്നത്.ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തൊട്ടപ്പനിലെ നായിക പുതുമുഖമായ പ്രിയംവദയാണ്.
ചിത്രത്തിനു തിരക്കഥ രചിച്ച പി.എസ് റഫീക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിന്റെ ക്യാരക്ടർ പോസ്റ്റർ നേരത്തേ പുറത്തുവന്നിരുന്നു. നാടകനടനെന്ന നിലയിൽ ശ്രദ്ധ നേടിയിട്ടുള്ള റഫീക്കിന്റെ ആദ്യ ചിത്രമാണ് തൊട്ടപ്പൻ. സേവിയർ എന്നാണ് കഥാപാത്രത്തിന്റ പേര്.
കടമക്കുടി, വളന്തക്കാട്, ആലപ്പുഴയിലെ പൂച്ചാക്കൽ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഛായാഗ്രഹണം സുരേഷ് രാജൻ. പശ്ചാത്തലസംഗീതം ജസ്റ്റിൻ. വിനായകനൊപ്പം റോഷൻ മാത്യു, മനോജ് കെ ജയൻ, കൊച്ചുപ്രേമൻ, പോളി വിൽസൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.. ചിത്രം ഈദ് റിലീസാണ്.