Latest News

ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിന്‍; മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് തുടക്കമിട്ട ജീവാമൃതം' മെഗാ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവിന് അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

Malayalilife
 ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിന്‍; മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് തുടക്കമിട്ട ജീവാമൃതം' മെഗാ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവിന് അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: നടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ തുടക്കമിട്ട '40K Blood Donation Drive' എന്ന രക്തദാന ക്യാമ്പയിന്റെ ഭാഗമായി എം.ജി.എം. ഗ്രൂപ്പ് സംഘടിപ്പിച്ച 'ജീവാമൃതം' മെഗാ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടി ഒരു മഹാത്ഭുതമാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മമ്മൂട്ടി എന്ന വ്യക്തിത്വവും അദ്ദേഹത്തിന്റെ സൗന്ദര്യവും കലാജീവിതവും മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ പിന്തുടരുന്നവര്‍ മുന്നോട്ടുവച്ച 40,000 പേരുടെ രക്തദാനം എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിന്‍ സമൂഹത്തിന് നല്‍കുന്നത് വലിയൊരു സന്ദേശവും സഹായവുമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. രക്തദാനത്തിലൂടെ നിരവധി മനുഷ്യജീവനുകള്‍ക്ക് സഹായമാകുന്ന ഈ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും എം.ജി.എം. ഗ്രൂപ്പും ചേര്‍ന്ന് നടപ്പാക്കിവരുന്ന 'ജീവാമൃതം', 'വിദ്യാമൃതം' തുടങ്ങിയ ജീവകാരുണ്യ പദ്ധതികളെയും സാദിഖലി ശിഹാബ് തങ്ങള്‍ പ്രത്യേകം പ്രശംസിച്ചു. വരുംകാലങ്ങളിലും കൂടുതല്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ മമ്മൂട്ടിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മമ്മൂട്ടിക്ക് ജന്മദിനാശംസകളും അദ്ദേഹം നേര്‍ന്നു.

വളാഞ്ചേരി എം.ജി.എം. ടെക്‌നോളജിക്കല്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച 'ജീവാമൃതം' മെഗാ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവില്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ രക്തദാനത്തില്‍ പങ്കെടുത്തു. ക്യാമ്പ് സന്ദര്‍ശിച്ച സാദിഖലി ശിഹാബ് തങ്ങള്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയും രക്തദാനത്തില്‍ പങ്കെടുത്തവരെയും സംഘാടകരെയും അഭിനന്ദിക്കുകയും ചെയ്തു.

ചടങ്ങില്‍ സംസാരിച്ച ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയും കെ.പി. നൗഷാദലി എം.എല്‍.എയും ഇത്തരം സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് പറഞ്ഞു. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വിവിധ ജീവകാരുണ്യ പദ്ധതികളെയും അവയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എം.ജി.എം. ഗ്രൂപ്പിനെയും ഇരുവരും അഭിനന്ദിച്ചു.

എം.ജി.എം. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളെയും സാദിഖലി ശിഹാബ് തങ്ങള്‍ പ്രത്യേകം അഭിനന്ദിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. മുസ്തഫ, എം.ജി.എം. ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ വിനോദ് തോമസ്, എം.ജി.എം. ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആല്‍ഫാ മേരി, എം.ജി.എം. കോളേജസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. അഹിനസ്,പ്രിന്‍സിപ്പല്‍ ഡോ ബിനു ബി പിള്ളൈ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു

Read more topics: # മമ്മൂട്ടി
mammoottty 40K Blood Donation Drive

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES