മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെതിരെ ഗുരുതര ആരോപണങ്ങളുമായി ബോളിവുഡ് ചിത്രം 'ടിപ്പു'വിന്റെ മോഷന്‍ പോസ്റ്റര്‍. കരിതേച്ച് വികൃതമാക്കിയ നിലയിലുള്ള ടിപ്പു സുല്‍ത്താന്റെ മുഖമാണ് പോസ്റ്ററില്‍ കാണുന്നത്. 'മതഭ്രാന്തനായ സുല്‍ത്താന്‍'എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററില്‍ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ടിപ്പുവിനെതിരെ അണിയറ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.
'8000 അമ്പലങ്ങളും 27 പള്ളികളും തകര്‍ക്കപ്പെട്ടു, 40 ലക്ഷം ഹിന്ദുക്കള്‍ ഇസ്ലാമിലേക്ക് മതം മാറാന്‍ നിര്‍ബന്ധിതരായി, ഒരു ലക്ഷത്തിലധികം ഹിന്ദുക്കള്‍ ജയിലിലായി, കോഴിക്കോടുള്ള 2000ലധികം ബ്രാഹ്‌മണര്‍ തുടച്ചുനീക്കപെട്ടു, ജിഹാദിന് വേണ്ടിയുള്ള അവന്റെ നിലവിളി തുടങ്ങിയത് 1783ലാണ്', എന്നെല്ലാമാണ് മോഷന്‍ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
ഈ എഴുത്തുകളോടെ തുടങ്ങുന്ന മോഷന്‍ പോസ്റ്റര്‍ അവസാനിക്കുന്നത് ടിപ്പുവിന്റെ മുഖം വികൃതമാക്കിയ ചിത്രത്തിലാണ്. മതഭ്രാന്തനായ സുല്‍ത്താന്റെ കഥയെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ഇറോസ് ഇന്റര്‍നാഷണലും രശ്മി ശര്‍മ്മ ഫിലിംസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 'പി എം നരേന്ദ്ര മോദി', 'ബാല്‍ ശിവജി' എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച സന്ദീപ് സിങ്ങും ഒപ്പം രശ്മി ശര്‍മ്മയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രം ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം.കരിവാരിത്തേച്ച നിലയില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയതിന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്നത്. രാജ്യത്തെ ജനങ്ങള്‍ തമ്മില്‍ വിഭജനമുണ്ടാക്കുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് പകരം മനുഷ്യത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന ചിത്രം പുറത്തിറക്കിക്കൂടേ എന്ന് ചില ആരാധകര്‍ ചോദിക്കുന്നു. 2014ല്‍ റിപബ്‌ളിക് ദിന പരേടില്‍ കര്‍ണാടക സര്‍ക്കാര്‍ അവതരിപ്പിച്ച ടിപ്പു സുല്‍ത്താന്റെ ഫ്‌ളോട്ടിന്റെ ചിത്രം പങ്കുവച്ചും ചിലര്‍ സിനിമയെ വിമര്‍ശിക്കുന്നു.