2018 ല്‍ കേരളത്തെ ദുരന്തമുഖമാക്കിയ മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ്
ആന്റണി ജോസഫ് സംവിധാനം ചെയ്ത '2018: എവരിവണ്‍ ഈസ് എ ഹീറോ' 2024 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ നോമിനേഷനായി പ്രഖ്യാപിച്ചു.
തീയേറ്ററുകളിലും ഒ.ടി.ടി റിലീസായി സോണി ലിവിലും വന്‍പ്രേക്ഷക സ്വീകാര്യത ചിത്രം നേടി. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായും മലയാളത്തില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ മൂന്ന് ചിത്രങ്ങളില്‍ ഒന്നായും 2018 മാറി.
2023ല്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കുള്ള 96-ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് 2024 മാര്‍ച്ച് 10ന് ലോസ് ഏഞ്ചല്‍സിലാണ് നടക്കുക.
2018-ലെ മഹാപ്രളയമുണ്ടാക്കിയ നിരാശയുടെ ആഴങ്ങളില്‍ നിന്ന് അതിജീവനത്തിന്റെ ശക്തമായ കഥകള്‍ ഉയര്‍ന്നുവന്നു. ദുരന്തത്തിന്റെ കണ്ണില്‍ തങ്ങളെത്തന്നെ തളച്ചിടുന്ന ജീവിതത്തിന്റെ നാനാതുറകളിലുള്ള ജനതയുടെ പ്രതിരോധശേഷിയും ഐക്യവും അവരുടെ ചാലകശക്തിയായി മാറുന്നതും ചിത്രം അവതരിപ്പിക്കുന്നു.
ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ഞങ്ങളുടെ ചിത്രത്തിന് ലഭിച്ച അവിശ്വസനീയമായ അംഗീകാരമാണെന്ന് നടന്‍ ടോവിനോ തോമസ് പറഞ്ഞു. 'ഒരു നടനെന്ന നിലയില്‍ എനിക്ക് മാത്രമല്ല ഈ പ്രോജക്റ്റിലേക്ക് അവരുടെ ഹൃദയവും ആത്മാവും പകര്‍ന്ന മുഴുവന്‍ ടീമിനും അഭിമാനകരമാണ് ഇത്.
'2018 : ഏവരിവണ്‍ ഈസ് എ ഹീറോ' നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തങ്ങളിലൊന്നിനെ അഭിമുഖീകരിക്കുന്ന കേരളത്തിലെ ജനങ്ങളുടെ സഹിഷ്ണുതയുടെയും പോരാട്ടത്തിന്റെയും പ്രതിഫലനമാണ്. അരാജകത്വത്തിനും നാശത്തിനുമിടയില്‍ എവിടെയോ പ്രത്യാശയുടെ തിളക്കമുണ്ടെന്നും അത് ഏറ്റവും കൂടുതല്‍ പ്രകാശിപ്പിക്കുന്നത് മനുഷ്യത്വമാണെന്നും എല്ലാവരേയും ഓര്‍മ്മിപ്പിക്കുകയാണ് സിനിമയിലൂടെ ഞങ്ങള്‍ ഉദ്ദേശിച്ചത്. ഈ നാമനിര്‍ദ്ദേശം ഞങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ ഉദാഹരണമായി കാണുന്നു. നമ്മുടെ പ്രേക്ഷകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തിയപോലെ രാജ്യാന്തരപ്രേക്ഷകരിലും ചിത്രം പ്രതിധ്വനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.' ടോവിനോ കൂട്ടിച്ചേര്‍ത്തു.
വേണു കുന്നപ്പിള്ളി, സി.കെ. പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച 2018ല്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരശന്‍, ഇന്ദ്രന്‍സ്, ജി ജോസഫ്, സുധീഷ്, വിനിത കോശി, അജു വര്‍ഗീസ്, തന്‍വി റാം, ഗൗതമി നായര്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. '2018 : ഏവരിവണ്‍ ഈസ് എ ഹീറോ' സോണി ലിവില്‍ മാത്രം എക്‌സ്‌ക്ലൂസിവായി സ്ട്രീം ചെയ്യാം.