തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുളള രണ്ട് സൂപ്പര്‍ താരങ്ങളാണ് ഇളയദളപതി വിജയ്‌യും തല അജിത്തും. ഇരുവരുടെയും സിനിമകള്‍ക്കെല്ലാം തന്നെ മികച്ച വരവേല്‍പ്പാണ് ആരാധകര്‍ നല്‍കാറുള്ളത്. സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസിന് മുന്‍പായെല്ലാം വലിയ രീതിയിലുളള ആഘോഷങ്ങളും ആരാധകര്‍ സംഘടിപ്പിക്കാറുണ്ട്. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ ഒരുമിച്ച് റിലീസിന് എത്തുമ്പോള്‍ പൊതുവേ കണ്ടുവരുന്ന ഒന്നാണ് ഫാന്‍സുകാര്‍ തമ്മിലുണ്ടാകുന്ന തര്‍ക്കം. അത്തരത്തില്‍ ഉള്ള ഒരു തര്‍ക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം വിജയ്-അജിത്ത് ഫാന്‍സ് എന്ന് പറയപ്പെടുന്നവര്‍ ട്വിറ്ററില്‍ നടത്തിയ വാക് പോരായിരുന്നു വിവാദമായി മാറിയത്.
വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുളള ട്വീറ്റുകള്‍ അജിത്ത് ആരാധകര്‍ പ്രചരിപ്പിച്ചതോടെയാണ് ഇരുകൂട്ടരും തമ്മിലുളള പോര് രൂക്ഷമായത്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആര്‍ഐപി വിജയ്, ആര്‍ഐപി ആക്ടര്‍ വിജയ് എന്നീ ഹാഷ്ടാഗുകള്‍ ധാരാളമായി എത്തിയിരുന്നു. ഇത് കണ്ട് പരിഭ്രാന്തരായ വിജയ് ആരാധകര്‍ നടന്റെ ടീമുമായി ബന്ധപ്പെടുകയും തുടര്‍ന്ന് സൂപ്പര്‍ താരം സുഖമായി ഇരിക്കുന്നുവെന്ന് ടീം അറിയിച്ചതായും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു.
അതേസമയം ഇത്തരം ഹാഷ്ടാഗുകള്‍ക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഇത്തരം വ്യാജ പ്രചാരണങ്ങള്‍ തരംതാണ ഏര്‍പ്പാടായിപ്പോയെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്. മുന്‍പും വിജയ്-അജിത്ത് ആരാധകര്‍ തമ്മില്‍ സമൂഹ മാധ്യമങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇരുതാരങ്ങളുടെയും സിനിമകള്‍ ഒരേസമയം റിലീസ് ചെയ്യുന്ന സമയങ്ങളിലാണ് ഇത്തരം തര്‍ക്കങ്ങള്‍ കൂടുതല്‍ ഉണ്ടാവാറുളളത്.